Saturday, July 25, 2009

ഒരു എലി തന്ന പണി...

കിടക്കാന്‍ ശകലം ലേറ്റ് ആയി.. ഞാന് നോക്കിയപ്പോള്‍ ജോ ഒരു പെരുമരം വെട്ടിയിട്ട പോലെ കിടക്കുന്നു... കിംഗ് സൈസ് സോഫാ ആണ്.. അതിന്‍റെ ഒരു തൊണ്ണൂറു ശതമാനം പ്രദേശങ്ങളും അവന്‍ കൈയടക്കി വെച്ചിരിക്കുന്നു... ഒരു വിധത്തില് അവന്റെ കയ്യും കാലും ഒക്കെ ഒതുക്കി വെച്ച് ഞാനും കിടക്കാന്‍ ഒരല്പം സ്ഥലം കണ്ടെത്തി..
ഒന്ന് ഉറക്കം പിടിച്ചു വന്നുവെന്ന് പറയാം... അതിന്റെ ഇടയ്ക്ക് ഞാന് ഒരു സ്വപ്നം കണ്ടു.. ഞാന്‍ നാട്ടിലുള്ള വീട്ടിലാണ് കിടന്നുറങ്ങുന്നത്... വീട്ടില് ഒരു അസത്ത് പൂച്ച ഉണ്ട്... എന്റെ പോന്നുപെങ്ങള് ലാളിച്ചു വഷളാക്കിയ ഒരു തല തെറിച്ച പൂച്ച... അവന്‍ വന്നു എന്‍റെ കയ്യില്‍ തോണ്ടുകയാണ്... നാശം... ഉറങ്ങാനും സമ്മതിക്കില്ല.. ഇവനെ ഒക്കെ പിടിച്ചു വീട്ടീന്ന് പുറത്താക്കണം... നശിച്ച പൂച്ച... അതിപ്പോള്‍ എന്നേ കരളുന്നോ... ഈശ്വാരാ... പാതി കണ്ണ് തുറന്നു നോക്കി... ഒരു എലി അല്ലെ അത്.. എന്‍റെ തലയ്ക്കല് വന്നിരുന്നു എന്നെ ഞോണ്ടുന്നത്.. ജോയുടെ ടീപോയേല് ഇരിക്കുന്ന ലാപ്ടോപിന്റെ എല്‍ ഇ ഡി ടെ വെട്ടത്തില്‍ ആണ് കാണുന്നത്...
ഞാന്‍ കുടഞ്ഞു എണീറ്റു.... എന്‍റെ വായില് നല്ല പുളിച്ച തെറിയാണ് വന്നത്.. ഞാന്‍ ഏതാണ്ടെല്ലാമോ വിളിച്ചു പറഞ്ഞു... ഈ പുളിച്ച വചനങ്ങള് കേട്ടുകൊണ്ട് ജോ ഏണീറ്റു കണ്ണും തിരുമ്മി എന്നെ നോക്കി... ഞാന്‍ ഏണീറ്റു ലൈറ്റ് ഇട്ടു..
"ഡാ.. നമ്മുടെ തലയ്ക്കല് ഒരു എലി വന്നിരുപ്പുണ്ടാരുന്നു.. ഞാന് കണ്ടതാ... "
അവന്‍ ഒന്ന് ഞെട്ടി... അവനു പണ്ടേ തന്നെ ഈ പല്ലി, എലി , പാറ്റാ തുടങ്ങിയ ജന്തുക്കളെ ഭയം ആണ്...
"നീ ശരിക്കും കണ്ടോ?"
" കണ്ടടാ... ഇരുട്ടത്താ കണ്ടത്, അത് എന്നെ കരളാന്‍ ശ്രമിച്ചു..."
അവന് ആകെ ടെസ്പ് ആയി..

പിന്നെ എനിക്കൊരു സംശയം, ഞാന്‍ ശരിക്കും കണ്ടത് തന്നെ ആണോ അതോ അതും സ്വപ്നം ആയിരുന്നോ? സ്വപ്നം എങ്ങാനും ആയിരുന്നെല് ഞാന് ജോയുടെ വായിലിരിക്കുന്നത് മുഴുവനും കൂടെ കേക്കണ്ടി വരും ...
ഞാന്‍ സോഫാടെ അടീലോട്ടു നൂകി... ദേണ്ടെ ഇരിക്കുന്നു ആ മൂഷികന്‍..
" ജോ.. ദേണ്ടെടാ അവന്‍ ഇവിടെ തന്നെ ഇരിക്കുന്നു..." ജോയുടെ മുഖം ഒന്ന് കൂടെ കറത്തു...
" തട്ടിയാലോ?"
"ഓ.ക്കെ"
ഞങ്ങള്‍ പെട്ടന്ന് തന്നെ സോഫ ഒക്കെ അകത്തോട്ടു വലിചിട്ടു.. മറ്റു മുറികളിലെയ്ക്കുള്ള കതകൊക്കെ അടച്ചു സീല് ചെയ്തു.. ജോയാണെങ്കില് ഒരു ചൂലും ഒക്കെ കൊണ്ട് വന്നു നിക്കുന്നു... ഞങ്ങള് കമാന്‍റോ ഓണപ്പറേഷന്‍ തുടങ്ങി.. ഞാന്‍ സോഫയുടെ ഒരു വശത്ത് നിന്നും അറ്റാക്ക് തുടങ്ങി.. ശത്രു പുറത്തു ചാടുമ്പോള്‍ തല്ലിക്കൊല്ലാന്‍ ജോ വെയിറ്റ് ചെയ്തു.. എന്‍റെ അറ്റാക്ക് ഫലിച്ചു തുടങ്ങി.. കൌണ്ടര്‍ അറ്റാക്കി നു മുതിരാതെ എലി മറുവശത്ത് കൂടി പുറത്തു ചാടി.. അപ്പോള്‍ ജോ ഒരു വലിയ ശബ്ദമുണ്ടാക്കി വളരെ ഉയരത്തില് അവനും ചാടി.... എലി അതിന്‍റെ പാട്ടിനു പോയി.. എലി ഫ്രിട്ജിന്‍റെ അടിയില്‍ ഒളിച്ചു... ഇപ്പ്രാവശ്യം ജോയും ഞാനും കൂടെ രണ്ടു വശത്ത് നിന്നും ഒരു പ്ലാന്ട് ഓണപ്പറേഷന്‍ അങ്ങ് തുടങ്ങി... ഇപ്പ്രാവശ്യം മിസ്സ് ആകല്ല്.. ആക്രമണം അതിന്‍റെ പീക്കില് നടക്കുമ്പോള് അവന്‍ വീണ്ടും പുറത്ത് ചാടി.. ഇപ്പ്രാവശ്യം അവനിട്ട് രണ്ടുമൂന്നെണ്ണം കിട്ടി.. പിന്നെ ഒരു പ്ലാസ്റ്റിക് കവറിന്‍റെ അടിയില് ഒളിച്ചു...
അത് ശരി... അവന് അപ്പോളൊരു കവേറ്ഡ് ഓണപ്പറേഷന്‍ ആണ് നടത്തുന്നന്ത്.. ഇനി നമ്മള് ഒരു അണ്ടര്‍ കവര്‍ ഓണപ്പറേഷന്‍ നടത്തണം.. മനസ്സിലായില്ലേ.. കവറ് പൊക്കി അതിന്റെ അടിയിലുള്ള എലിയെ തല്ലി കൊല്ലണം.. അങ്ങനെ തന്നെ ചെയ്യാന്‍ വേണീട്ടാ കവറ് പൊക്കീത്. ... ഒരടി കൂടെ കൊടുത്തു.. പക്ഷെ എലി പിന്നേം ഫ്രിട്ജിന്റെ അടീല് കയറി ഒളിച്ചു.. പിന്നെ എന്നാഒക്കെ കാണിച്ചു നോക്കീട്ടും എലി പുറത്തു ചാടുന്നില്ല.. ഡെസ്പ്..
പിന്നെ കിടന്നു ഉറങ്ങാന്‍ ധൈര്യം വന്നില്ല... കിടന്നാല് അവന്‍ പിന്നേം വന്നു പണി തന്നാലോ?? മൂന്നാലെണ്ണം കൊടുത്തിട്ടും ഉണ്ട്.. അവന്‍ പണി തരും.. ഉറപ്പാ...

ഞങ്ങള്‍ അവിടെ അത്രേം പുകിലൊക്കെ ഉണ്ടാക്കിയിട്ടും അകത്തു കിടന്നു ഉറങ്ങുന്ന അലിഭായീം തിരുമേനീം സെബാനും ഒന്നും അറിഞ്ഞില്ല.. കുംഭകര്ണന്മാര്...

കട്ടന്‍കാപ്പി ഇട്ടു കുടിച്ചും ഒണ്ടാരുന്ന ഒരു പാക്കറ്റ് മിക്സ്ചറ് കൊറിച്ചും അങ്ങനെ നേരം വെളുപ്പിച്ചു... ഓരോ എലിടാഷ് മക്കള് തരുന്ന പണികളേയ്...
രാവിലെ കുളിച്ചൊരുങ്ങി ആദ്യം തന്നെ ആപ്പീസില് എത്തി.. ചരിത്രത്തില് ആദ്യ സംഭവം ആണ്.. ഉറങ്ങാതിരുന്നതിനാല്‍ രാവിലെ എണീക്കുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ... ഓഫീസില്‍ ഇരുന്നപ്പോള്‍ കണ്ണ് തന്നെ അടഞ്ഞു പോകുന്നു..
ഞാന്‍ ഇരുന്നു ഉറങ്ങിപ്പോയി.. കുറച്ചു കഴിഞ്ഞപ്പോള്‍ മാനേജര് സായിപ്പ് അവര്കള്‍ എന്‍റെ മുറീലോട്ടു കയറി വന്നു... ഞാന്‍ നല്ല പൂക്കുറ്റി ഉറക്കം...
അയാള്‍ എന്നെ തട്ടി.. വിളിച്ചു.. ഞാന്‍ ഉണരുന്നില്ല... പിന്നെ അങ്ങേരു ഉച്ചത്തില്‍ തന്നെ വിളിച്ചു.. "രഹീഷ്.. രഹീഷ്.. ". സായിപ്പല്ലേ.. നാക്ക് വടിക്കാത്ത കൊണ്ട് രജീഷ് എന്ന് " അച്ചര പ്പുടത" യോടെ വിളിക്കാന് ഇയാള്ക്കൊണ്ടൊ അറിയാവുന്നു...
" രഹീഷ്.. വാട്ട് ഈസ് ദി സ്റ്റാറ്റസ്..." ഞാന് ഉറക്കത്തില് നിന്ന് എണീറ്റതിന്‍റെ വിമ്മിട്ടവും, ഞാന് ഉറങ്ങുത് സായിപ്പ് കണ്ടന്നുന്നുള്ള അങ്ങലാപ്പും, ചുറ്റുമുള്ള ഞവണാന്‍മാര്‍ എന്നെ തുറിച്ചു നോക്കുന്നത്തും കൂടെ ആയപ്പോള് ഞാന് വെറും ഒരു ശശി ആയതുപോലെ എനിക്ക് തോന്നി... സായിപ്പിന്റെ അടുത്ത് കുറെ ഡെമോ ഒക്കെ തള്ളി അയാളെ പറഞ്ഞ് വിട്ടു.. ബാക്കിയുള്ളവന്മാരുടെ തുറിച്ചു നോട്ടം ഇതുവരെ പിന്‍വലിച്ചിട്ടില്ല.... ഇവന്മാരോട് പറഞ്ഞാല് മനസിലാവില്ലല്ലോ എലി തന്ന പണീടെ ഒരു ഇന്‍റെന്‍സിറ്റി..

Friday, July 24, 2009

ചുമ്മാ.... വെറും ചുമ്മാ...

ഈ സംഭവം നടന്നിട്ട് എട്ടു മാസത്തോളം ആയി...
ഞാനും മനുക്കുട്ടനും മുംബൈയില് ‍വന്നിട്ട് ഏതാണ്ട് ഒരു ആഴ്ച കഴിഞ്ഞു റോയിച്ചനും വന്നു.. ആദ്യമേ പറഞ്ഞേക്കാം, മനുക്കുട്ടന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ ഡല്‍ഹിയില്‍ ആണ്.. പയ്യന്‍റെ ഹിന്ദി കിടിലനാ.. മുറ്റ്.. കലിപ്പ്‌.. ഒരു രക്ഷയും ഇല്ല... അക്രമ ഹിന്ദി....
പാവം പിടിച്ച എനിക്കാണേല്‍ ഈ ഭാഷ കാര്യമായിട്ട് വശമില്ല.. കേട്ടാല്‍ മനസ്സിലാവും.. അത്ര തന്നെ.. അത്യാവശ്യം ഒക്കെ അതും വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം ഹിന്ദി സംസാരിക്കുവേം ചെയ്യും..
അങ്ങനെ ഇരിക്കുമ്പോളാണ് റോയിച്ചന്റെ വരവ്...
റോയിച്ചനാണെങ്കില് ഹിന്ദിയുടെ ഏക്കും പൂകും അറിയാന്‍ മേലാ.. എന്നാലും ആശാന്‍ ഒരു മുറ്റ് താരം ആകാനുള്ള ശ്രമത്തില്‍ ആണ്.. കിട്ടുന്ന അവസരത്തില്‍ ഒക്കെ ഹിന്ദി വെച്ച് കാച്ചുവേം ചെയ്യും..
റോയിച്ചന്‍ ഹിന്ദി പറയുമ്പോള്‍ ആ മുഖം ഒന്ന് കാണണം.. കണ്ണൊക്കെ തുറിച്ച് ഇപ്പോള്‍ പൊട്ടി വീഴും എന്ന് തോന്നിപ്പോകും..
എനിക്കാണേല്‍ ലിത് കാണുമ്പോള്‍ ചിരി പൊട്ടും.. ഫാന്‍റം എന്ന സിനിമേല് ഹിന്ദി പറയാന്‍ ശ്രമിക്കുന്ന കൊച്ചിന്‍ ഹനീഫയോട്‌ മമ്മുക്ക പറേന്ന ഒരു ഡയലൊഗുണ്ട് " ദേവസി ഇപ്പൊ പറഞ്ഞത് ഹിന്ദി അല്ല.. ലിപി ഇല്ലാത്ത ഏതോ മറുഭാഷ ആണ്" എന്ന്.. ഈ ഡയലോഗ് എന്‍റെ മനസ്സിലോട്ടു തികട്ടി വരും..
അങ്ങനെ ഹിന്ദി പറഞ്ഞു മുറ്റാകാന്‍ ശ്രമിക്കുന്ന റോയിച്ചനിട്ടു ഒരു പണി കൊടുക്കാന്‍ ഞാനും മനുക്കുട്ടനും കൂടെ തീരുമാനിച്ചു.. ഇനി സംഭവിച്ചതൊക്കെ ചരിത്രമാണ്..

ഞങ്ങള്‍ വീട്ടില്‍ ഭയങ്കരമായ ഹിന്ദി സംസാരം തുടങ്ങി.. ഞാനും മനുക്കുട്ടനും തരം കിട്ടുമ്പോള്‍ ഒക്കെ ഞങ്ങള്‍ ഹിന്ദിയില്‍ "ചുമ്മാ" എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങി.. ( ഹിന്ദിയില് ചുമ്മാ എന്നു പറഞ്ഞാല്‍ സംഗതി വേറെ‍ ആണ്... മുത്തുഗ്ഗൌ..) റോയിച്ചന്‍ . ഇത് ശ്രധിക്കുന്നുണ്ടാരുന്നു... അണ്ണന്‍ ചോദിച്ചു " അല്ല.. ഈ ചുമ്മാന്നു വെച്ചാല്‍ ഹിന്ദിയില് എന്നാ?? " അതും " ഈ കിണോ ന്നു വെച്ചാല്‍ എന്താ കുട്ടിമാമാ.. ഇപ്പൊ തന്നെ പറഞ്ഞു തരണേ... " എന്ന സ്റ്റൈലില്‍.. അപ്പൊ മനുക്കുട്ടന്‍ പറഞ്ഞു കൊടുത്തു.. " ചുമ്മാ എന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ വേറെ എന്നാണു അര്‍ത്ഥം.. " റോയിച്ചന്‍ ഹാപ്പി ആയി.. ഒരു വാക്ക് കൂടെ പഠിക്കാന്‍ പറ്റിയല്ലോ.. മുറ്റിലേയ്ക്‍ ഒരു ചുവടു കൂടി മുന്നോട്ട്‌...

ഒരു കാര്യം പറയാന്‍ വിട്ടു പോയി കേട്ടോ.. ഈ റോയിച്ചന്‍ ഒരു കടാമുട്ടന്‍ ആണ്.. ഒരു വെല്യ സ്റ്റീല്‍ അലമാരീടെ വലിപ്പം വരും.. ഒരു പത്തു നൂറു കിലോ തൂക്കം ഒക്കെ ആയിട്ട്... എങ്കിലും ആളൊരു പാവത്താന്‍ ആണ്.. ഞങ്ങള്‍ ഒക്കെ മാടപ്രാവേന്നാ വിളിക്കുന്നെ.. മാടിന്റെ ശരീരോം പ്രാവിന്റെ ഹൃദയോം.. അതല്ലേ ഞാന്‍ ഇതൊക്കെ ഇത്ര ധൈര്യമായിട്ട് ഇവിടെ എഴുതുന്നെ.. അല്ലേല്‍, ഒരു കലിപ്പ്ടീം ആരുന്നേല്‍ റോയിച്ചന്‍ എന്നെ വലിച്ചു കീറത്തില്ലായോ?

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പാതലിപാടയിലുള്ള ഡി-മാര്‍ട്ടില്‍ പലചരക്ക് സാധനം വാങ്ങിക്കാന്‍ പോയി.. റോയിച്ചന്‍ മുളക് പൊടീടെ പാക്കറ്റ് നോക്കുവാണ്.. എല്ലാം ഇവിടെ ഉള്ള കൂതറ സാധനങ്ങള്‍... ഈസ്റ്റേണ്‍ ഉം മേളവും ഒന്നും കിട്ടത്തില്ല.. റോയിച്ചനും കിട്ടി ഒരു കൂതറ മുളക് പൊടീടെ പാക്കറ്റ്..

റോയിച്ചന്‍ അവിടെ നിന്ന സെയിലെസ് ഗേള്‍ നോട് " മുച്ചേ യെ പാക്കറ്റ് നഹീ , ചുമ്മാ ചാഹിയെ.. "
പോന്നു മോനേ അവള് കലിപ്പിച്ചൊരു നോട്ടം... ഉരുകിപോകും.. ആ കടാമുട്ടന്‍ ശരീരം കണ്ടിട്ടാവണം അവള് ചെകിടത്തിനിട്ടു പോട്ടിക്കാഞ്ഞത്..

ഞാന്‍ റോയിച്ചനേം കൊണ്ട് സ്കൂട്ട് ആയി.. മനുക്കുട്ടന്‍ അവരെ പറഞ്ഞു മനസിലാക്കി.. ഹിന്ദി അറിയാന്‍ മേലാത്ത പയ്യന്‍ ആണ് ഹേ.. അബദ്ധം പറ്റിയതാണ് ഹേ.. മാപ്പാക്കണം ഹേ.. ഹോ.. ഹൂം എന്നൊക്കെ.. അല്ലാരുന്നേല്‍ കാണാരുന്നു...
അതില്‍ പിന്നെ റോയിച്ചന്‍ മുറ്റാകാനോ.. ഞങ്ങള് റോയിച്ചനെ മുറ്റാക്കാനോ ശ്രമിച്ചിട്ടില്ല..
പോട്ടിര് കിട്ടാതെ ഊരി പോന്നത് തന്നെ ഭാഗ്യം...

അമേരിക്കന്‍ ചോപ്സി...

അമേരിക്കന്‍ ചോപ്സി...
മൊബൈല്‍ഫോണ്‍ കേടായി.. സ്പീക്കര്‍ രണ്ടും അടിച്ചു പോയി... ആകെ ഡെസ്പ്.. അടുത്തുള്ള നോക്കിയയുടെ സര്‍വീസ് സെന്‍റര്‍ ഇല്‍ കൊണ്ട് ചെന്നപ്പോള്‍ പറഞ്ഞു, നന്നാക്കാന്‍ രണ്ടാഴ്ച സമയം പിടിക്കും.. അല്ലേല്‍ വിലെ പരലില്‍ ഉള്ള ഹെഡ് ഓഫിസ്‌ല് കൊണ്ട് ചെല്ലണം...
എനിക്കാണെങ്കില്‍ ആ ആഴ്ച നാട്ടില്‍ പോകാനുള്ളതാണ്.. കയ്യില്‍ വേറെ ഫോണ്‍ ഇല്ല.. പെട്ടന്ന് തന്നെ നന്നാക്കി കിട്ടണം.. ഞാന്‍ ദയനീയമായി റോയിച്ചനെ നോക്കി..
റോയിച്ചന്‍ പറഞ്ഞു " ഡാ നമുക്ക് വിലെ പരലിലൊട്ടു പോയേക്കാം.. അവിടമൊക്കെ ഒന്ന് കണ്ടിരിക്കുവേം ആകാമല്ലോ.."
ലോക്കല്‍ ട്രെയിനില്‍ വളരെ കഷ്ടപ്പെട്ട് കയറിപ്പറ്റി... ആ ഒടുക്കത്തെ തിരക്കിനിടയില്‍ അന്തരീക്ഷത്തില്‍ ഒരല്പം ഇടം കിട്ടി... ഒരു വിധത്തില്‍ ദാദര്‍ എത്തി... ആകെ പത്തു മുപ്പതു സെക്കന്റ്‌ ആണ് സമയം ഉള്ളത്‌.. അതിനിടയില്‍ ഇറങ്ങാനുള്ളവരെല്ലാം ഇറങ്ങുകയും കയറാനുള്ളവരെല്ലാം കയറുകയും വേണം.. ഒരു തരത്തില്‍ ഡെമോ ഒക്കെ കാണിച്ചു ഇറങ്ങി.. പിന്നെ ഒരു ഫീയറ്റ്‌ ടാക്സി ഒക്കെ പിടിച്ചു നേരെ വിലെ പരലിലെയ്ക്ക് വെച്ച് പിടിച്ചു.. പണ്ട് നമ്മുടെ നാട്ടിലൊക്കെ ഉണ്ടാരുന്ന പ്രീമിയര്‍ പദ്മിനി ഇല്ലേ.. അത് തന്നെ സാധനം.. അങ്ങനെ ഒടുവില്‍ ലക്‍ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു..

അവിടെ ചെന്നപ്പോള്‍ വീണ്ടും ഡെസ്പ്.. അവിടെയും എടുക്കും മിനിമം ഒരാഴ്ച എങ്കിലും.. ആകെ കലിപ്പ്‌.. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല.. വയറ്റില്‍ കാറ്റ് കയറാന്‍ തുടങ്ങിയിട്ട് കുറച്ചു നേരം ആയി.. ഫോണോ നന്നാക്കാന്‍ പറ്റിയില്ല.. പട്ടിണി കൂടി കിടക്കണ്ടല്ലോ എന്ന് വെച്ചു ഡൊമിനൊസ്, പിസ ഹട്ട് തുടങ്ങിയവയുടെ മുന്നില്‍ കൂടെ കറങ്ങി, കണ്ടാല്‍ മോശം പറയാത്ത ഒരു ലോക്കല്‍ സെറ്റപ്പ് ല് ചെന്ന് കയറി..
മെനു നൊക്കീട്ടു ഒന്നും മനസിലാവുന്നില്ല...നമ്മുടെ നാട്ടില്‍ തിന്നാന്‍ കിട്ടുന്നതായിട്ടോന്നും ഇല്ല.. ഒടുവില്‍അവസാനം രണ്ടും കല്‍പ്പിച്ചു അവന്മാരുടെ ഒരു ബിരിയാണി പറഞ്ഞു.. ഡെക്കാന്‍ സ്റ്റൈല്‍..
ഞാന്‍ നോക്കിയപ്പോള്‍ റോയിച്ചന്‍ ഒരു അന്തവും കുന്തവും ഇല്ലാതെ മേനുവിലെയ്ക്ക് കണ്ണുംനട്ട് ഇരിപ്പാണ്..
ആദ്യമായി കാണുന്ന പേരുകളെല്ലാം ആശാന്‍ മനസ്സിരുത്തി വായിക്കുന്നു.. ഒടുവില്‍ വളരെ അധികം ആശങ്കകളോടെ ഒരു ഐറ്റം തിരഞ്ഞു പിടിച്ചു.. അമേരിക്കന്‍ ചോപ്സി നൂടില്‍സ്.. ഞാന്‍ കേട്ടിട്ട് പോലും ഇല്ല.. ഞാന്‍ ചോദിച്ചു " ഇത് തന്നെ വേണോ റോയിച്ചാ? " ...
" വേണം" ഉടന്‍ മറുപടി വന്നു...
ഞാന്‍ :" ഈ സാധനം എങ്ങനെ ഇരിക്കും?"
റോയിച്ചന്‍ : " അറിയില്ല.. എങ്കിലും പേര് കേട്ടിട്ട് കിടിലന്‍ ആണെന്നാ തോന്നുന്നത്.. ഇങ്ങനെ അല്ലെ പരീക്ഷിച്ചു നോക്കുന്നെ.."
ഞാന്‍ ഒന്നും മിണ്ടിയില്ല. ലപ്പോ ലതാണ് കാരണം.. പേരില്‍ ഒരു അമേരിക്ക ഉണ്ട്.. ( ലെവന്‍ പണ്ടേ ഒരു ഫെഡറല്‍ ചായ്‌വ് ഉള്ള ഒരു ബൂര്‍ഷ്വാസി ആണ്.. അവന്‍റെ വീട്ടുകാര്‍ എല്ലാരും അമേരിക്കയില്‍ സ്ഥിരതാമസം ആണ്)
ഒടുവില്‍ കാത്തിരുന്നു കാത്തിരുന്നു ആ മഹത്തായ സാധനം എത്തി..
പത്തല് പോലത്തെ നൂഡില്‍സ്... ശരിക്കും വെന്തിട്ട് പോലും ഇല്ല.. അതിന്റെ മണ്ടയ്ക്ക് എന്തെരെല്ലാമോ സാധനങ്ങള്‍ കോരി ഒഴിച്ചിരിക്കുന്നു.. അതില്‍ ഒന്ന് സോസ് ആണെന്ന് മനസ്സിലായി.. പിന്നെ കുറെ പഴങ്ങളുടെ കഷ്ണങ്ങളും.. അന്നേരം റോയിച്ചന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.. ആ തിരുമുഖത് നവരസങ്ങളും വിരിഞ്ഞു.. ഞാന്‍ ഒരു ശകലം രുചിച്ചു നോക്കി..
ത്ഫൂ ....
വായില്‍ വെക്കാന്‍ കൊള്ളില്ല..
ഒടുവില്‍ ഞാന്‍ മേടിച്ച ബിരിയാണിയുടെ പകുതി ആ പാവത്തിന് കൊടുത്തു..
ഉള്ളത് കൊണ്ട് വിശപ്പടക്കി ഞങ്ങള്‍ സ്ഥലം കാലിയാക്കി...

വാല്‍കഷണം: ഞാന്‍ കേടായ മൊബൈല്‍ ഫോണും കൊണ്ട് നാട്ടില്‍ പോയി മടങ്ങി..
തിരിച്ചു വന്നപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്തുള്ള ഒരു മൊബൈല്‍ കടയില്‍ നന്നാക്കാന്‍ കൊടുത്തു.. ഒരു ദിവസം കൊണ്ട് നന്നാക്കി കിട്ടുകയും ചെയ്തു..