Saturday, July 25, 2009

ഒരു എലി തന്ന പണി...

കിടക്കാന്‍ ശകലം ലേറ്റ് ആയി.. ഞാന് നോക്കിയപ്പോള്‍ ജോ ഒരു പെരുമരം വെട്ടിയിട്ട പോലെ കിടക്കുന്നു... കിംഗ് സൈസ് സോഫാ ആണ്.. അതിന്‍റെ ഒരു തൊണ്ണൂറു ശതമാനം പ്രദേശങ്ങളും അവന്‍ കൈയടക്കി വെച്ചിരിക്കുന്നു... ഒരു വിധത്തില് അവന്റെ കയ്യും കാലും ഒക്കെ ഒതുക്കി വെച്ച് ഞാനും കിടക്കാന്‍ ഒരല്പം സ്ഥലം കണ്ടെത്തി..
ഒന്ന് ഉറക്കം പിടിച്ചു വന്നുവെന്ന് പറയാം... അതിന്റെ ഇടയ്ക്ക് ഞാന് ഒരു സ്വപ്നം കണ്ടു.. ഞാന്‍ നാട്ടിലുള്ള വീട്ടിലാണ് കിടന്നുറങ്ങുന്നത്... വീട്ടില് ഒരു അസത്ത് പൂച്ച ഉണ്ട്... എന്റെ പോന്നുപെങ്ങള് ലാളിച്ചു വഷളാക്കിയ ഒരു തല തെറിച്ച പൂച്ച... അവന്‍ വന്നു എന്‍റെ കയ്യില്‍ തോണ്ടുകയാണ്... നാശം... ഉറങ്ങാനും സമ്മതിക്കില്ല.. ഇവനെ ഒക്കെ പിടിച്ചു വീട്ടീന്ന് പുറത്താക്കണം... നശിച്ച പൂച്ച... അതിപ്പോള്‍ എന്നേ കരളുന്നോ... ഈശ്വാരാ... പാതി കണ്ണ് തുറന്നു നോക്കി... ഒരു എലി അല്ലെ അത്.. എന്‍റെ തലയ്ക്കല് വന്നിരുന്നു എന്നെ ഞോണ്ടുന്നത്.. ജോയുടെ ടീപോയേല് ഇരിക്കുന്ന ലാപ്ടോപിന്റെ എല്‍ ഇ ഡി ടെ വെട്ടത്തില്‍ ആണ് കാണുന്നത്...
ഞാന്‍ കുടഞ്ഞു എണീറ്റു.... എന്‍റെ വായില് നല്ല പുളിച്ച തെറിയാണ് വന്നത്.. ഞാന്‍ ഏതാണ്ടെല്ലാമോ വിളിച്ചു പറഞ്ഞു... ഈ പുളിച്ച വചനങ്ങള് കേട്ടുകൊണ്ട് ജോ ഏണീറ്റു കണ്ണും തിരുമ്മി എന്നെ നോക്കി... ഞാന്‍ ഏണീറ്റു ലൈറ്റ് ഇട്ടു..
"ഡാ.. നമ്മുടെ തലയ്ക്കല് ഒരു എലി വന്നിരുപ്പുണ്ടാരുന്നു.. ഞാന് കണ്ടതാ... "
അവന്‍ ഒന്ന് ഞെട്ടി... അവനു പണ്ടേ തന്നെ ഈ പല്ലി, എലി , പാറ്റാ തുടങ്ങിയ ജന്തുക്കളെ ഭയം ആണ്...
"നീ ശരിക്കും കണ്ടോ?"
" കണ്ടടാ... ഇരുട്ടത്താ കണ്ടത്, അത് എന്നെ കരളാന്‍ ശ്രമിച്ചു..."
അവന് ആകെ ടെസ്പ് ആയി..

പിന്നെ എനിക്കൊരു സംശയം, ഞാന്‍ ശരിക്കും കണ്ടത് തന്നെ ആണോ അതോ അതും സ്വപ്നം ആയിരുന്നോ? സ്വപ്നം എങ്ങാനും ആയിരുന്നെല് ഞാന് ജോയുടെ വായിലിരിക്കുന്നത് മുഴുവനും കൂടെ കേക്കണ്ടി വരും ...
ഞാന്‍ സോഫാടെ അടീലോട്ടു നൂകി... ദേണ്ടെ ഇരിക്കുന്നു ആ മൂഷികന്‍..
" ജോ.. ദേണ്ടെടാ അവന്‍ ഇവിടെ തന്നെ ഇരിക്കുന്നു..." ജോയുടെ മുഖം ഒന്ന് കൂടെ കറത്തു...
" തട്ടിയാലോ?"
"ഓ.ക്കെ"
ഞങ്ങള്‍ പെട്ടന്ന് തന്നെ സോഫ ഒക്കെ അകത്തോട്ടു വലിചിട്ടു.. മറ്റു മുറികളിലെയ്ക്കുള്ള കതകൊക്കെ അടച്ചു സീല് ചെയ്തു.. ജോയാണെങ്കില് ഒരു ചൂലും ഒക്കെ കൊണ്ട് വന്നു നിക്കുന്നു... ഞങ്ങള് കമാന്‍റോ ഓണപ്പറേഷന്‍ തുടങ്ങി.. ഞാന്‍ സോഫയുടെ ഒരു വശത്ത് നിന്നും അറ്റാക്ക് തുടങ്ങി.. ശത്രു പുറത്തു ചാടുമ്പോള്‍ തല്ലിക്കൊല്ലാന്‍ ജോ വെയിറ്റ് ചെയ്തു.. എന്‍റെ അറ്റാക്ക് ഫലിച്ചു തുടങ്ങി.. കൌണ്ടര്‍ അറ്റാക്കി നു മുതിരാതെ എലി മറുവശത്ത് കൂടി പുറത്തു ചാടി.. അപ്പോള്‍ ജോ ഒരു വലിയ ശബ്ദമുണ്ടാക്കി വളരെ ഉയരത്തില് അവനും ചാടി.... എലി അതിന്‍റെ പാട്ടിനു പോയി.. എലി ഫ്രിട്ജിന്‍റെ അടിയില്‍ ഒളിച്ചു... ഇപ്പ്രാവശ്യം ജോയും ഞാനും കൂടെ രണ്ടു വശത്ത് നിന്നും ഒരു പ്ലാന്ട് ഓണപ്പറേഷന്‍ അങ്ങ് തുടങ്ങി... ഇപ്പ്രാവശ്യം മിസ്സ് ആകല്ല്.. ആക്രമണം അതിന്‍റെ പീക്കില് നടക്കുമ്പോള് അവന്‍ വീണ്ടും പുറത്ത് ചാടി.. ഇപ്പ്രാവശ്യം അവനിട്ട് രണ്ടുമൂന്നെണ്ണം കിട്ടി.. പിന്നെ ഒരു പ്ലാസ്റ്റിക് കവറിന്‍റെ അടിയില് ഒളിച്ചു...
അത് ശരി... അവന് അപ്പോളൊരു കവേറ്ഡ് ഓണപ്പറേഷന്‍ ആണ് നടത്തുന്നന്ത്.. ഇനി നമ്മള് ഒരു അണ്ടര്‍ കവര്‍ ഓണപ്പറേഷന്‍ നടത്തണം.. മനസ്സിലായില്ലേ.. കവറ് പൊക്കി അതിന്റെ അടിയിലുള്ള എലിയെ തല്ലി കൊല്ലണം.. അങ്ങനെ തന്നെ ചെയ്യാന്‍ വേണീട്ടാ കവറ് പൊക്കീത്. ... ഒരടി കൂടെ കൊടുത്തു.. പക്ഷെ എലി പിന്നേം ഫ്രിട്ജിന്റെ അടീല് കയറി ഒളിച്ചു.. പിന്നെ എന്നാഒക്കെ കാണിച്ചു നോക്കീട്ടും എലി പുറത്തു ചാടുന്നില്ല.. ഡെസ്പ്..
പിന്നെ കിടന്നു ഉറങ്ങാന്‍ ധൈര്യം വന്നില്ല... കിടന്നാല് അവന്‍ പിന്നേം വന്നു പണി തന്നാലോ?? മൂന്നാലെണ്ണം കൊടുത്തിട്ടും ഉണ്ട്.. അവന്‍ പണി തരും.. ഉറപ്പാ...

ഞങ്ങള്‍ അവിടെ അത്രേം പുകിലൊക്കെ ഉണ്ടാക്കിയിട്ടും അകത്തു കിടന്നു ഉറങ്ങുന്ന അലിഭായീം തിരുമേനീം സെബാനും ഒന്നും അറിഞ്ഞില്ല.. കുംഭകര്ണന്മാര്...

കട്ടന്‍കാപ്പി ഇട്ടു കുടിച്ചും ഒണ്ടാരുന്ന ഒരു പാക്കറ്റ് മിക്സ്ചറ് കൊറിച്ചും അങ്ങനെ നേരം വെളുപ്പിച്ചു... ഓരോ എലിടാഷ് മക്കള് തരുന്ന പണികളേയ്...
രാവിലെ കുളിച്ചൊരുങ്ങി ആദ്യം തന്നെ ആപ്പീസില് എത്തി.. ചരിത്രത്തില് ആദ്യ സംഭവം ആണ്.. ഉറങ്ങാതിരുന്നതിനാല്‍ രാവിലെ എണീക്കുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ... ഓഫീസില്‍ ഇരുന്നപ്പോള്‍ കണ്ണ് തന്നെ അടഞ്ഞു പോകുന്നു..
ഞാന്‍ ഇരുന്നു ഉറങ്ങിപ്പോയി.. കുറച്ചു കഴിഞ്ഞപ്പോള്‍ മാനേജര് സായിപ്പ് അവര്കള്‍ എന്‍റെ മുറീലോട്ടു കയറി വന്നു... ഞാന്‍ നല്ല പൂക്കുറ്റി ഉറക്കം...
അയാള്‍ എന്നെ തട്ടി.. വിളിച്ചു.. ഞാന്‍ ഉണരുന്നില്ല... പിന്നെ അങ്ങേരു ഉച്ചത്തില്‍ തന്നെ വിളിച്ചു.. "രഹീഷ്.. രഹീഷ്.. ". സായിപ്പല്ലേ.. നാക്ക് വടിക്കാത്ത കൊണ്ട് രജീഷ് എന്ന് " അച്ചര പ്പുടത" യോടെ വിളിക്കാന് ഇയാള്ക്കൊണ്ടൊ അറിയാവുന്നു...
" രഹീഷ്.. വാട്ട് ഈസ് ദി സ്റ്റാറ്റസ്..." ഞാന് ഉറക്കത്തില് നിന്ന് എണീറ്റതിന്‍റെ വിമ്മിട്ടവും, ഞാന് ഉറങ്ങുത് സായിപ്പ് കണ്ടന്നുന്നുള്ള അങ്ങലാപ്പും, ചുറ്റുമുള്ള ഞവണാന്‍മാര്‍ എന്നെ തുറിച്ചു നോക്കുന്നത്തും കൂടെ ആയപ്പോള് ഞാന് വെറും ഒരു ശശി ആയതുപോലെ എനിക്ക് തോന്നി... സായിപ്പിന്റെ അടുത്ത് കുറെ ഡെമോ ഒക്കെ തള്ളി അയാളെ പറഞ്ഞ് വിട്ടു.. ബാക്കിയുള്ളവന്മാരുടെ തുറിച്ചു നോട്ടം ഇതുവരെ പിന്‍വലിച്ചിട്ടില്ല.... ഇവന്മാരോട് പറഞ്ഞാല് മനസിലാവില്ലല്ലോ എലി തന്ന പണീടെ ഒരു ഇന്‍റെന്‍സിറ്റി..

4 comments:

  1. "അത് ശരി... അവന് അപ്പോളൊരു കവേറ്ഡ് ഓണപ്പറേഷന്‍ ആണ് നടത്തുന്നന്ത്.. ഇനി നമ്മള് ഒരു അണ്ടര്‍ കവര്‍ ഓണപ്പറേഷന്‍ നടത്തണം.. മനസ്സിലായില്ലേ.. കവറ് പൊക്കി അതിന്റെ അടിയിലുള്ള എലിയെ തല്ലി കൊല്ലണം..."

    കൊള്ളാം
    :)

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ReplyDelete
  3. എന്നാലും എന്റെ വീട്ടില്‍ വന്ന എലിയുടെ അത്ര വരില്ല :-)

    ReplyDelete
  4. എലിപുരാണം കൊള്ളാ‍ാം. :) എലിയെ പേടിച്ച് ഉറങ്ങാതിരുന്ന പുലികളും കൊള്ളാം

    ReplyDelete