Monday, August 31, 2009

മാവേലിയുടെ രാജിക്കത്ത്..

പ്രിയപ്പെട്ട ഉണ്ണിച്ചാ,

വളരെ വിഷമത്തോടെ ആണ് ഈ കത്ത് എഴുതുന്നത്.. ഇതിനു പിന്നില്‍ ആരുടേയും പ്രേരണ ലവലേശം ഇല്ല. പൂര്‍ണ്ണ മനസ്സോടെ ഞാന്‍ എടുത്ത ഈ തീരുമാനത്തിന്‍റെ പിന്നില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയോ , ഒബാമയുടെയോ, എഫ്‌.ബി.ഐ യുടെയോ ഫെഡറല്‍ ബൂര്‍ഷ്വാസി ഗൂധാലോചനകള്‍ ഒന്നും തന്നെ ഇല്ലെന്നു ഞാന്‍ ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ.. ഇതിന്‍റെ പേരില്‍ പിന്നീട് ആരും ആ പാവങ്ങളെ കരിവാരി തേച്ചു പ്രസ്താവനകള്‍ ഇറക്കരുതെന്ന് കരുതിയാണ് ഞാന്‍ മുന്‍‌കൂര്‍ ആയി ഈ കാര്യം എടുത്തു പറഞ്ഞത്.. കാര്യം എന്താണെന്ന് വെച്ചാല്‍ ഇനി മുതല്‍ നാം കേരളത്തിലെയ്ക്കില്ല, ഓണം ഇനി മുതല്‍ നിങ്ങള്‍ തനിയെ ആഘോഷിച്ചാല്‍ മതി.. നമ്മെ പ്രതീക്ഷിക്കണ്ട.. കാരണങ്ങള് പലതുണ്ട്.. പറയാം:

പണ്ട് നാം ആ രാജ്യത്തെ രാജാവായിരുന്നു എന്ന് ഉണ്ണിച്ചന് അറിവുള്ളകാര്യമാനെല്ലോ.. നമ്മെ ബഹുമാനിചില്ലെന്കിലും വേണ്ടില്ല, പരിഹസിക്കുന്നത് കാണുമ്പോള്‍ തീരെ അങ്ങ് സഹിക്കുന്നില്ല.. കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലങ്ങളായി കുറെ മിമിക്രിക്കാര് പിള്ളേര് എന്നെ പരിഹസിക്കുന്ന കാസറ്റുകളും സി.ഡി കളെയും കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമുക്കങ്ങോട്ടു എഴുന്നെള്ളാന്‍ തോന്നാറില്ല.. അവന്മാര്‍ ആ സി.ഡി കളില്‍ എനിക്കൊരു ചാലക്കുടിക്കാരന്‍ നസ്രാണിയുടെ കോമാളി രൂപവും ശബ്ദവും ആണ് തന്നിരിക്കുന്നത്.. അവന്മാരെ മാത്രം കുറ്റം പറഞ്ഞിട്ടെന്താ? കേരളം മുഴുവന്‍ എനിക്കൊരു പോണ്ണത്തടിയന്റെ രൂപമല്ലേ കല്‍പ്പിച്ചു വെച്ചിരിക്കുന്നത്.. സത്യം പറയാമെല്ലോ നാം പണ്ട് നാടുഭരിച്ചിരുന്ന കാലത്ത് ( ഇപ്പോളും) നമുക്ക് കുടവയറെന്നൊരു സാധനമേ ഇല്ലായിരുന്നു.. നാം കരുത്തനായ ഒരു അസുര രാജാവല്ലായിരുന്നോടോ? എനിക്കെവിടാരുന്നെടോ ഓലക്കുട? നമ്മെ പാതാളതിലോട്ടു ചവിട്ടി താഴ്ത്തിയ വാനമനനു ഒരു ഓലക്കുട ഉണ്ടായിരുന്നു.. അല്ലാതെ നാം ജീവിതത്തില്‍ അങ്ങനൊരു സാധനം കൈ കൊണ്ട് തോട്ടിട്ടില്ലന്നു പറഞ്ഞു കൊള്ളട്ടെ..ഓണക്കാലമായാല്‍ എന്നെ അപമാനിക്കാന്‍ ഓരോ മുക്കിനും മൂലയിലും എന്‍റെ കോമാളി രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും.. സകലമാന കടകള്‍ക്ക് മുന്‍പിലും, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള എല്ലാത്തിന്റെ പരസ്യത്തിലും എന്‍റെ കോമാളി രൂപം തന്നെ.. ചാനലുകളുടെ വക മാനം കേടുത്തലുകള്‍ വേറെയും.. സുകൃത ക്ഷയം എന്നല്ലാതെ എന്ത് പറയാന്‍..




കഴിഞ്ഞ വര്ഷം ആകെ ദുരന്തങ്ങള്‍ ആയിരുന്നു അല്ലെ? നാം എല്ലാം അറിയുന്നുണ്ട്.. സന്തോഷ്‌ മാധവന്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 4 , സംസ്കാരശൂന്യതാ വകുപ്പ് മന്ത്രി, മഴക്കെടുതി, സാഗര്‍ അലിയാസ് ജാക്കി, ബെര്‍ളി, പട്ടണത്തില്‍ പൂതം, പന്നിപ്പനി.... പണ്ട് എങ്ങനെ കഴിഞ്ഞ നാടായിരുന്നു.. പറഞ്ഞിട്ടെന്താ കാര്യം.. .. ഞാന്‍ ഒന്നും അധികം പറയുന്നില്ല.. ഇനി എന്നെ അന്വേഷിച്ചു വല്ല ക്വട്ടേഷന്‍കാരും പാതാളത്തില്‍ വരില്ലെന്ന് ആര് കണ്ടു..


പിന്നെ അവിടെ ക്രിക്കറ്റ്‌ കളിക്കുന്ന ശാന്തനായ ഒരു കുട്ടി ഉണ്ടായിരുന്നെല്ലോ.. ഇപ്പോള്‍ അവന്‍റെ വാര്‍ത്തകള്‍ ഒന്നും മനോരമ പാതാളം എഡിഷന്‍ ഇല് കാണുന്നില്ല.. എന്തേ എവന്‍ ഫീല്‍ഡ് വിട്ടോ?


പൂക്കുട്ടിക്കു ഓസ്കാര്‍ കിട്ടി അല്ലെ? നന്നായി... ഈ വൈകിയ വേളയില്‍ എന്‍റെ അനുമോദനങ്ങള്‍....


പിന്നെ ലോഹിയും, രാജന്‍ പി ദേവും, മുരളിയും ഒക്കെ പോയി.. അല്ലെ? അസാമാന്യ പ്രതിഭകള്‍ ആയിരുന്നു.. അവര്‍ക്ക് എന്‍റെ ആദരാഞ്ജലികള്‍....

പന്നിപ്പനി ശരിക്കും എല്ലാവരെയും ഭയപ്പെടുത്തി.. അല്ലെ? അവിടെയും നാം ഒരു പരിഹാസ പാത്രം ആയി.. നാം ഒരു മുഖം മൂടി ഒക്കെ ധരിച്ചു നില്‍ക്കുന്ന ഒരു ഇ-മെയില്‍ അവിടെ വളരെ വേഗം ഫോര്‍വേഡ് ആയിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞു..

ഒരു കോപ്പി നമുക്കും കിട്ടി.. കഷ്ടം തന്നെ.. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വായിട്ടലയ്ക്കുന്ന മേല്‍പ്പറഞ്ഞ വകുപ്പ് മന്ത്രി ഇതിനെ കുറിച്ച് എന്താ ഒന്നും മിണ്ടാതെ.. അല്ലേല്‍ അതും നന്നായി... അങ്ങേര്‍ വല്ലോം പറഞ്ഞാല്‍ അത് എനിക്ക് കൂടുതല്‍ മാനക്കേട്‌ ഉണ്ടാക്കുകയെ ഉള്ളൂ..





പിന്നെ ഉണ്ണിച്ചാ, അവിടെ സുഖം തന്നെ എന്ന് പ്രതീക്ഷിക്കുന്നു.. മൂന്നാമതും ഒരു ബ്ലോഗ്‌ തുടങ്ങി അല്ലെ? നന്നായി.. കാര്യമായിട്ട് ഹിറ്റുകള്‍ ഒന്നും ഇല്ല എന്ന് കരുതി വിഷമിക്കണ്ട, നമ്മുടെ നാടിന്‍റെ ഇന്നത്തെ ഒരു വ്യവസ്ഥിതി വെച്ച് നല്ലതിനെ ആരും പ്രോത്സാഹിപ്പിക്കില്ല.. ഓണത്തിന് വ്യാജ മദ്യം ഒന്നും മേടിച്ച് അകത്താക്കി ഒരു ദുരന്തം കൂടെ ഉണ്ടാക്കി വെയ്ക്കരുത്..

ഈ കത്ത് കിട്ടിയാല്‍ ഉടനെ തന്നെ മറുപടി ഒന്നും ഞാന്‍ പ്രടീക്ഷിക്കുന്നില്ല.. പക്ഷെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..ഇനി നമ്മള്‍ ഒരിക്കലും തമ്മില്‍ കാണില്ല.. വിഷമമുണ്ട്.. എങ്കിലും അവിടുത്തെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണ്ട് നമ്മെ ആ വാമനന്‍ പാതാളതിലോട്ടു ചവിട്ടി താഴ്ത്തിയത് എത്ര നന്നായി എന്നിപ്പോള്‍ ആലോചിച്ചു പോകുന്നു..

ഈ ഓണം നിങ്ങളാല്‍ ആവും വിധം ആഘോഷിക്കുക.. എന്‍റെ ഓണാശംസകള്‍...

സസ്നേഹം ,

മഹാബലി തമ്പുരാന്‍

Friday, August 28, 2009

ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനും കോട്ടയം ടെക്നോ പാര്‍ക്കും..

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംഭവിച്ചതാണ്.. ശംഖുമുഖത്ത് പോയി വൈകുന്നേരങ്ങളില്‍ കാറ്റും കൊണ്ടിരിക്കുക എന്നൊരു ദുശീലം എനിക്കുണ്ട്.. പതിവ് പോലൊരു വെള്ളിയാഴ്ചയില്‍ ഞാനും ഭായിയും കൂടെ കാറ്റും കൊണ്ട് ബൈപ്പാസ്സിലൂടെ കഴക്കൂട്ടത്തോട്ടു വരികയാരുന്നു. ബി6 നു മുമ്പില്‍ എത്തിയപ്പോള്‍ ഒരു ആശങ്ക.. ഇവിടുന്നു ഭക്ഷണം കഴിച്ചാലോ? ഞങ്ങള്‍ അവിടെ കയറി. അപ്പോള്‍ സമയം ഏതാണ്ടൊരു 8.30 - 8.45 ഒക്കെ ആയിട്ടുണ്ട്‌.. വെയിറ്റര്‍ ഓര്‍ഡര്‍  എടുക്കാന്‍ വന്നപ്പോള്‍ സാധാരണ എന്ന പോലെ രണ്ടെണ്ണം വീതം ഓര്‍ഡര്‍ ചെയ്തു.. ക്വയറ്റ് നാച്ചുറല്‍...


പിന്നെ ഞങ്ങള്‍ ആകാശത്തിന് കീഴെ ഉള്ള പലതിനേം കുറിച്ച് സംസാരിച്ചു സംസാരിച്ചു അങ്ങിരുന്നു പോയി..

ഒരു ആറേഴു പെഗ്ഗ് വരെ എന്നീത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.. പിന്നെ എന്‍റെ റിലെ പോയോന്നൊരു സംശയം..


അങ്ങനെ ഞങ്ങള്‍ സംസാരിചിരുന്നതിന്റെ ഏതോ ഒരു ഘട്ടത്തില്‍ അവിടുത്തെ പയ്യന്‍ വന്നു പറഞ്ഞു..

" സര്‍, ഒന്നര ആയി.."

ഞാന്‍ : " അതിനെന്നാ ഒന്നര കൂടെ പോരട്ടെ.. അല്ലെ ഭായീ ?"

ഭായി:  " ഇപ്പൊ തന്നെ നമ്മള് പത്തിന് മേലെ ആയി.. സാരമില്ല.. ഒന്നര കൂടെ പോരട്ടെ.."

പയ്യന്‍: " അതല്ല സാര്‍.. സമയം ഒന്നര ആയി.. ബാര്‍ അടയ്ക്കണം.."

ഭായി: " അപ്പോള്‍ ഞങ്ങള്‍ ഇറങ്ങി തരനമായിരിക്കും അല്ലെ? ശരി.. ബില്ല് പോരട്ടെ.. പിന്നെ രണ്ടു ബിയറ് ഒരു കവറില്‍ ഇട്ടു കൊണ്ട് പോരെ.."

ഞാന്‍ " " എന്തിനാ ഭായീ ബിയറ്? " " ഒരു പൈന്റ് പറഞ്ഞാല്‍ പോരെ?"

ഭായി: " പൈന്റ് നമ്മള്‍ക്ക് വേറെ പറയാം.. ബിയറ് വണ്ടിയേല്‍ ഇരുന്നു അടിക്കാനാ.."

അങ്ങനെ ബില്ലും ബിയറും വന്നു...

ഭായീടെ ചേച്ചി നാലാഞ്ചിറയില്‍ താമസിക്കുന്നുണ്ട്.. ചേച്ചി അവിടെ ഒരു സ്കൂളില്‍ ടീച്ചറും അളിയന്‍ KSEBഇല്‍ എഞ്ജിനീയറും ആണ്.. അവര് അവിടെ മാനം മര്യാദ ആയിട്ട് താമസിക്കുന്നു...അവരൊക്കെ കൊല്ലത്തുള്ള അളിയന്റെ വീട്ടില്‍ പോയെക്കുവായത് കൊണ്ട് ഞങ്ങള്‍ അവിടെ കൂടാന്‍ ആയിട്ട് നേരെ അങ്ങോട്ട്‌ വെച്ച് പിടിച്ചു..

ശ്രീകാര്യം ആയപ്പോള്‍ തന്നെ ബിയറ് കാലി ആയി..
അപ്പോള്‍ ഭായീടെ തലയില്‍ പുതിയ ഒരു ആശയം മുളച്ചു " നമ്മുക്ക് എന്‍റെ വീട്ടിലോട്ടു പോയാലോ? "" അങ്ങോട്ടല്ലേ നമ്മള്‍ ഇപ്പൊ പോകുന്നെ?"

" അതല്ല കോഴിക്കൊട്ടോട്ടു.."

ഞാന്‍ : " രാത്രിയിലോ? എങ്ങനെ? "

ഭായി: " ബൈക്കില് ..ഇപ്പൊ വെച്ച് പിടിച്ചാല്‍ നാളെ ഒരു 10.00 - 10.30 ഒക്കെ ആവുമ്പോള്‍ അങ്ങ് എത്തും ."

ഞാന്‍: " വണ്ടി നിര്‍ത്തെടാ.. "

ഭായി: " ???"

ഞാന്‍ :" കോഴിക്കൊട്ടോട്ടല്ലേ? കുറെ ദൂരം ഞാന്‍ ഓടിക്കാം"

" നീയോ? "

" അതെന്നാ ഞാന്‍ ഓടിച്ചാല്‍ അവിടെ എത്തത്തില്ലേ? "

"അതിനു നിന്റെ റിലേ പോയി കിടക്കുവല്ലേ?"

" കൂടെ ഉള്ള നിനക്കും റിലേ ഇല്ലല്ലോ.. കൊംപ്ളിമെന്‍റ് ആയിക്കോളും.. "

" ശരി.."

" .."

അങ്ങനെ വണ്ടി തിരിച്ചു..

കഴക്കൂട്ടത്തു എത്തി NH-47 ഇലൂടെ വെച്ച് അനത്തി.. കണിയാപുരതുള്ള ഒരു പമ്പില്‍ നിന്നും ഫുള്‍ ടാങ്ക് എണ്ണയും അടിച്ചു..പിറകില്‍ ഇരുന്നു ഭായി ഇടയ്ക്ക് സ്പീഡ് കുറയ്ക്കടാ.. എന്ന് പറയുന്നുണ്ടായിരുന്നു...

ആര് കേള്‍ക്കാന്‍..

കൊല്ലം ടൌണില്‍ എത്തി ഏതോ ഒരു റൌണ്ടാന തിരിഞ്ഞു പിന്നേം കത്തിച്ചു വിട്ടു..

കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഒരു ബോര്‍ഡ്‌.. " വെല്‍ക്കം റ്റു ആറ്റിങ്ങല്‍ "

ഈശ്വരാ..

റൌണ്ടാന കറങ്ങി വന്ന വഴിയെ തിരിച്ചു പോന്നതാണ്..

പിന്നേം ഞാന്‍ വണ്ടി തിരിച്ചു " ഇനി നമ്മള്‍ കോഴിക്കോട്ടു എത്തീട്ടെ നിര്‍ത്ത്തൊല്ല് കേട്ടോ.. ഇടയ്ക്ക് കട്ടന്‍ കാപ്പി സിഗരട്ട് എന്നൊന്നും പറഞ്ഞെക്കല്ല്.. "

വര്‍ക്കല ആയപ്പോള്‍ എനിക്ക് മടുത്തു..

" ഇനി ഭായി കുറച്ചു ദൂരം ഓടിക്ക്‌.."

"അങ്ങനെ ആയിക്കോട്ടെ.. ശരി മുതലാളീ.."

" സ്പീഡ് പോരല്ലോ ഭായീ"

" 70 - 80 അല്ലെ .. ഇത് മതി.."

"പോര.. " ഞാന്‍ ബാക്ക് സീറ്റില്‍ ഇരുന്നു ആക്സിലറേറ്റര്‍ കൊടുക്കാന്‍ നോക്കി..

ഭായി എന്‍റെ കയ്യ് തട്ടി മാറ്റി..

അങ്ങനെ കുറച്ചു ദൂരം പോയി.. അതാ ഒരുത്തന്‍ കൈ കാണിക്കുന്നു... സൈഡ് ഇല് ഒരു വെള്ള ടവേര.. മുകളില്‍  നീല , ചുവപ്പ് നിറങ്ങളിലുള്ള ലൈറ്റ്‌ ഒക്കെ ആയിട്ട്...

ഭായി വണ്ടി നിര്‍ത്തി.. അവരോടു പോയി ഡീല്‍ ചെയ്യുന്നു.. ഞാന്‍ ബൈക്കില്‍ ഇരുന്നു ബോര്‍ അടിച്ചു..

ഒരു സിഗരട്ട് കത്തിച്ചാലോ? വേണ്ടാ.. ഏമാന്മാര്‍ ഒക്കെ നോക്കി നിക്കുവല്ലേ?

ഭായി വളരെ ടീസന്‍റ് ആയി അവരോടു ഏതാണ്ടൊക്കെയോ പറയുന്നു.. ഏതാണ്ട് പേപ്പര്‍ ഒക്കെ കാണിക്കുന്നു...

എന്‍റെ ക്ഷമ കേട്ട്... " ഭായീ ഞാന്‍ ഇടപെടണോ?"

ഒരു ഏമാന്‍ ഭായിയോട് " പാമ്പിനേം കൊണ്ട് എവിടെ പോവാടാ??"

ഞാന്‍ : " പാമ്പോ? സൂക്ഷിച്ചു സംസാരിക്കണം മിസ്റ്റര്‍ "

രണ്ടിനേം പൊക്കിയെടുത്തു അവന്മാരുടെ വണ്ടിയേല്‍ ഇടാന്‍ അധികം താമസം ഉണ്ടായില്ല..
" ഞങ്ങളെ ഹോസ്പിട്ടളിലോട്ടു കൊണ്ടുപോകുന്നില്ലേ? മദ്യപിചോന്നു പരിശോധിക്കാന്‍??"
" എന്തിനാ?? മദ്യത്തില്‍ എത്ര അളവ് രക്തം ഉണ്ടെന്നു അറിയാനാണോ?"
അങ്ങനെ ഞങ്ങളെ ഹൈവേ പോലീസിലെ ഏമാന്മാര്‍ ചാത്തന്നൂര്‍ സ്റ്റേഷന്‍ ഇല്‍ കൊണ്ട് ചെന്നാക്കി തിരിച്ചു പോന്നു..അവിടെ നൈറ്റ്‌ ദ്യുട്ടിക്കു ഉള്ള ഏമാന്മാര്‍ എല്ലാം ഫുള്‍ അണ്‍ഫിറ്റ് ..റൈറ്റര്‍ സാര്‍ ചാര്‍ജ് ഷീറ്റ് എഴുതി ഉണ്ടാക്കാന്‍ തുടങ്ങി..വകുപ്പുകള്‍ പലതാണ്."
മദ്യപിച്ചു വാഹനം ഓടിക്കല്‍, പൊതുജനത്തിന് ശല്യം ഉണ്ടാക്കല്‍, പോലിസിനെ ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍.. " അങ്ങനെ പലതും..അഡ്രസ്‌ നു വേണ്ടി ഭായീടെ ലിസ്സിന്‍സ് മേടിച്ചു.. അതിലെ അഡ്രസ്‌ ഭായി പണ്ട് വാടകയ്ക്ക് താമസിച്ച ഏതോ സ്ഥലത്തെ ആണ്.. വണ്ടി വേറെ ആരുടെയോ പേരിലും..
റൈറ്റര്‍ ഏമാന്‍ ബുദ്ധി ഉള്ള ആളായിരുന്നു... ഞാന്‍ വ്യാജ അഡ്രസ്‌ നല്‍കിയാലോ എന്ന് ഭയന്ന് പുള്ളിക്കാരന്‍ എന്‍റെ ടെടില്സ് ഒക്കെ സൂത്രത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചു.."എവിടെയാ താമസിക്കുന്നെ? "
" ടെക്നോ പാര്‍ക്കിന്‍റെ അടുത്താണ്.."
"നാട് എവിടെയാ?"
"കോട്ടയം.."
" വീട്ടു പേര്?"
 "വാഴവേലില്‍.."
"അച്ഛന്‍റെ പേര്.? "
" രവീന്ദ്രന്‍ നായര്‍.." ഇതൊക്കെ പലപ്പോഴായിട്ടാണ് പുള്ളി ചോടിച്ചത്‌..ഒടുവില്‍ ചാര്‍ജ് ഷീറ്റ് തയ്യാറായി..ഭായീടെത് പഴയ അഡ്രസ്‌ ആണ് എഴുതി വെചേക്കുന്നത്..
എന്‍റെ അഡ്രസ്‌ " കോട്ടയം ടെക്നോ പാര്‍ക്കിനു സമീപം താമസിക്കുന്ന വാഴവേലില്‍ രവീന്ദ്രന്‍ നായര്‍ മകന്‍ രജീഷ് "... ദൈവമേ..സാര്‍ എന്നെക്കാള്‍ പിമ്പിരി ആണല്ലേ.. മിണ്ടണ്ട..നേരം വെളുതപ്പോലെയ്ക്കും വിവേകും വിനു ചേട്ടനും കൂടെ വന്നു ഞങ്ങളെ ജാമ്യത്തില്‍ ഇറക്കി..
ഇതൊന്നും അറിയാതെ , രാത്രിയില്‍ ഭായി വിളിച്ചു പറഞ്ഞതനുസരിച്ച് ഭായീടെ ചേട്ടന്‍ അവിടെ രാവിലെ തന്നെ പോയി ഇറച്ചി ഒക്കെ മേടിച്ച്, കുപ്പി ഒക്കെ സംഘടിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു..പുള്ളിയെ പേടിച്ചു ഞങ്ങള്‍ കുറെ കാലത്തേയ്ക്ക് ആ വഴി പോയിട്ടില്ല...