Monday, August 31, 2009

മാവേലിയുടെ രാജിക്കത്ത്..

പ്രിയപ്പെട്ട ഉണ്ണിച്ചാ,

വളരെ വിഷമത്തോടെ ആണ് ഈ കത്ത് എഴുതുന്നത്.. ഇതിനു പിന്നില്‍ ആരുടേയും പ്രേരണ ലവലേശം ഇല്ല. പൂര്‍ണ്ണ മനസ്സോടെ ഞാന്‍ എടുത്ത ഈ തീരുമാനത്തിന്‍റെ പിന്നില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയോ , ഒബാമയുടെയോ, എഫ്‌.ബി.ഐ യുടെയോ ഫെഡറല്‍ ബൂര്‍ഷ്വാസി ഗൂധാലോചനകള്‍ ഒന്നും തന്നെ ഇല്ലെന്നു ഞാന്‍ ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ.. ഇതിന്‍റെ പേരില്‍ പിന്നീട് ആരും ആ പാവങ്ങളെ കരിവാരി തേച്ചു പ്രസ്താവനകള്‍ ഇറക്കരുതെന്ന് കരുതിയാണ് ഞാന്‍ മുന്‍‌കൂര്‍ ആയി ഈ കാര്യം എടുത്തു പറഞ്ഞത്.. കാര്യം എന്താണെന്ന് വെച്ചാല്‍ ഇനി മുതല്‍ നാം കേരളത്തിലെയ്ക്കില്ല, ഓണം ഇനി മുതല്‍ നിങ്ങള്‍ തനിയെ ആഘോഷിച്ചാല്‍ മതി.. നമ്മെ പ്രതീക്ഷിക്കണ്ട.. കാരണങ്ങള് പലതുണ്ട്.. പറയാം:

പണ്ട് നാം ആ രാജ്യത്തെ രാജാവായിരുന്നു എന്ന് ഉണ്ണിച്ചന് അറിവുള്ളകാര്യമാനെല്ലോ.. നമ്മെ ബഹുമാനിചില്ലെന്കിലും വേണ്ടില്ല, പരിഹസിക്കുന്നത് കാണുമ്പോള്‍ തീരെ അങ്ങ് സഹിക്കുന്നില്ല.. കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലങ്ങളായി കുറെ മിമിക്രിക്കാര് പിള്ളേര് എന്നെ പരിഹസിക്കുന്ന കാസറ്റുകളും സി.ഡി കളെയും കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമുക്കങ്ങോട്ടു എഴുന്നെള്ളാന്‍ തോന്നാറില്ല.. അവന്മാര്‍ ആ സി.ഡി കളില്‍ എനിക്കൊരു ചാലക്കുടിക്കാരന്‍ നസ്രാണിയുടെ കോമാളി രൂപവും ശബ്ദവും ആണ് തന്നിരിക്കുന്നത്.. അവന്മാരെ മാത്രം കുറ്റം പറഞ്ഞിട്ടെന്താ? കേരളം മുഴുവന്‍ എനിക്കൊരു പോണ്ണത്തടിയന്റെ രൂപമല്ലേ കല്‍പ്പിച്ചു വെച്ചിരിക്കുന്നത്.. സത്യം പറയാമെല്ലോ നാം പണ്ട് നാടുഭരിച്ചിരുന്ന കാലത്ത് ( ഇപ്പോളും) നമുക്ക് കുടവയറെന്നൊരു സാധനമേ ഇല്ലായിരുന്നു.. നാം കരുത്തനായ ഒരു അസുര രാജാവല്ലായിരുന്നോടോ? എനിക്കെവിടാരുന്നെടോ ഓലക്കുട? നമ്മെ പാതാളതിലോട്ടു ചവിട്ടി താഴ്ത്തിയ വാനമനനു ഒരു ഓലക്കുട ഉണ്ടായിരുന്നു.. അല്ലാതെ നാം ജീവിതത്തില്‍ അങ്ങനൊരു സാധനം കൈ കൊണ്ട് തോട്ടിട്ടില്ലന്നു പറഞ്ഞു കൊള്ളട്ടെ..ഓണക്കാലമായാല്‍ എന്നെ അപമാനിക്കാന്‍ ഓരോ മുക്കിനും മൂലയിലും എന്‍റെ കോമാളി രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും.. സകലമാന കടകള്‍ക്ക് മുന്‍പിലും, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള എല്ലാത്തിന്റെ പരസ്യത്തിലും എന്‍റെ കോമാളി രൂപം തന്നെ.. ചാനലുകളുടെ വക മാനം കേടുത്തലുകള്‍ വേറെയും.. സുകൃത ക്ഷയം എന്നല്ലാതെ എന്ത് പറയാന്‍..




കഴിഞ്ഞ വര്ഷം ആകെ ദുരന്തങ്ങള്‍ ആയിരുന്നു അല്ലെ? നാം എല്ലാം അറിയുന്നുണ്ട്.. സന്തോഷ്‌ മാധവന്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 4 , സംസ്കാരശൂന്യതാ വകുപ്പ് മന്ത്രി, മഴക്കെടുതി, സാഗര്‍ അലിയാസ് ജാക്കി, ബെര്‍ളി, പട്ടണത്തില്‍ പൂതം, പന്നിപ്പനി.... പണ്ട് എങ്ങനെ കഴിഞ്ഞ നാടായിരുന്നു.. പറഞ്ഞിട്ടെന്താ കാര്യം.. .. ഞാന്‍ ഒന്നും അധികം പറയുന്നില്ല.. ഇനി എന്നെ അന്വേഷിച്ചു വല്ല ക്വട്ടേഷന്‍കാരും പാതാളത്തില്‍ വരില്ലെന്ന് ആര് കണ്ടു..


പിന്നെ അവിടെ ക്രിക്കറ്റ്‌ കളിക്കുന്ന ശാന്തനായ ഒരു കുട്ടി ഉണ്ടായിരുന്നെല്ലോ.. ഇപ്പോള്‍ അവന്‍റെ വാര്‍ത്തകള്‍ ഒന്നും മനോരമ പാതാളം എഡിഷന്‍ ഇല് കാണുന്നില്ല.. എന്തേ എവന്‍ ഫീല്‍ഡ് വിട്ടോ?


പൂക്കുട്ടിക്കു ഓസ്കാര്‍ കിട്ടി അല്ലെ? നന്നായി... ഈ വൈകിയ വേളയില്‍ എന്‍റെ അനുമോദനങ്ങള്‍....


പിന്നെ ലോഹിയും, രാജന്‍ പി ദേവും, മുരളിയും ഒക്കെ പോയി.. അല്ലെ? അസാമാന്യ പ്രതിഭകള്‍ ആയിരുന്നു.. അവര്‍ക്ക് എന്‍റെ ആദരാഞ്ജലികള്‍....

പന്നിപ്പനി ശരിക്കും എല്ലാവരെയും ഭയപ്പെടുത്തി.. അല്ലെ? അവിടെയും നാം ഒരു പരിഹാസ പാത്രം ആയി.. നാം ഒരു മുഖം മൂടി ഒക്കെ ധരിച്ചു നില്‍ക്കുന്ന ഒരു ഇ-മെയില്‍ അവിടെ വളരെ വേഗം ഫോര്‍വേഡ് ആയിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞു..

ഒരു കോപ്പി നമുക്കും കിട്ടി.. കഷ്ടം തന്നെ.. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വായിട്ടലയ്ക്കുന്ന മേല്‍പ്പറഞ്ഞ വകുപ്പ് മന്ത്രി ഇതിനെ കുറിച്ച് എന്താ ഒന്നും മിണ്ടാതെ.. അല്ലേല്‍ അതും നന്നായി... അങ്ങേര്‍ വല്ലോം പറഞ്ഞാല്‍ അത് എനിക്ക് കൂടുതല്‍ മാനക്കേട്‌ ഉണ്ടാക്കുകയെ ഉള്ളൂ..





പിന്നെ ഉണ്ണിച്ചാ, അവിടെ സുഖം തന്നെ എന്ന് പ്രതീക്ഷിക്കുന്നു.. മൂന്നാമതും ഒരു ബ്ലോഗ്‌ തുടങ്ങി അല്ലെ? നന്നായി.. കാര്യമായിട്ട് ഹിറ്റുകള്‍ ഒന്നും ഇല്ല എന്ന് കരുതി വിഷമിക്കണ്ട, നമ്മുടെ നാടിന്‍റെ ഇന്നത്തെ ഒരു വ്യവസ്ഥിതി വെച്ച് നല്ലതിനെ ആരും പ്രോത്സാഹിപ്പിക്കില്ല.. ഓണത്തിന് വ്യാജ മദ്യം ഒന്നും മേടിച്ച് അകത്താക്കി ഒരു ദുരന്തം കൂടെ ഉണ്ടാക്കി വെയ്ക്കരുത്..

ഈ കത്ത് കിട്ടിയാല്‍ ഉടനെ തന്നെ മറുപടി ഒന്നും ഞാന്‍ പ്രടീക്ഷിക്കുന്നില്ല.. പക്ഷെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..ഇനി നമ്മള്‍ ഒരിക്കലും തമ്മില്‍ കാണില്ല.. വിഷമമുണ്ട്.. എങ്കിലും അവിടുത്തെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണ്ട് നമ്മെ ആ വാമനന്‍ പാതാളതിലോട്ടു ചവിട്ടി താഴ്ത്തിയത് എത്ര നന്നായി എന്നിപ്പോള്‍ ആലോചിച്ചു പോകുന്നു..

ഈ ഓണം നിങ്ങളാല്‍ ആവും വിധം ആഘോഷിക്കുക.. എന്‍റെ ഓണാശംസകള്‍...

സസ്നേഹം ,

മഹാബലി തമ്പുരാന്‍

Friday, August 28, 2009

ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനും കോട്ടയം ടെക്നോ പാര്‍ക്കും..

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംഭവിച്ചതാണ്.. ശംഖുമുഖത്ത് പോയി വൈകുന്നേരങ്ങളില്‍ കാറ്റും കൊണ്ടിരിക്കുക എന്നൊരു ദുശീലം എനിക്കുണ്ട്.. പതിവ് പോലൊരു വെള്ളിയാഴ്ചയില്‍ ഞാനും ഭായിയും കൂടെ കാറ്റും കൊണ്ട് ബൈപ്പാസ്സിലൂടെ കഴക്കൂട്ടത്തോട്ടു വരികയാരുന്നു. ബി6 നു മുമ്പില്‍ എത്തിയപ്പോള്‍ ഒരു ആശങ്ക.. ഇവിടുന്നു ഭക്ഷണം കഴിച്ചാലോ? ഞങ്ങള്‍ അവിടെ കയറി. അപ്പോള്‍ സമയം ഏതാണ്ടൊരു 8.30 - 8.45 ഒക്കെ ആയിട്ടുണ്ട്‌.. വെയിറ്റര്‍ ഓര്‍ഡര്‍  എടുക്കാന്‍ വന്നപ്പോള്‍ സാധാരണ എന്ന പോലെ രണ്ടെണ്ണം വീതം ഓര്‍ഡര്‍ ചെയ്തു.. ക്വയറ്റ് നാച്ചുറല്‍...


പിന്നെ ഞങ്ങള്‍ ആകാശത്തിന് കീഴെ ഉള്ള പലതിനേം കുറിച്ച് സംസാരിച്ചു സംസാരിച്ചു അങ്ങിരുന്നു പോയി..

ഒരു ആറേഴു പെഗ്ഗ് വരെ എന്നീത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.. പിന്നെ എന്‍റെ റിലെ പോയോന്നൊരു സംശയം..


അങ്ങനെ ഞങ്ങള്‍ സംസാരിചിരുന്നതിന്റെ ഏതോ ഒരു ഘട്ടത്തില്‍ അവിടുത്തെ പയ്യന്‍ വന്നു പറഞ്ഞു..

" സര്‍, ഒന്നര ആയി.."

ഞാന്‍ : " അതിനെന്നാ ഒന്നര കൂടെ പോരട്ടെ.. അല്ലെ ഭായീ ?"

ഭായി:  " ഇപ്പൊ തന്നെ നമ്മള് പത്തിന് മേലെ ആയി.. സാരമില്ല.. ഒന്നര കൂടെ പോരട്ടെ.."

പയ്യന്‍: " അതല്ല സാര്‍.. സമയം ഒന്നര ആയി.. ബാര്‍ അടയ്ക്കണം.."

ഭായി: " അപ്പോള്‍ ഞങ്ങള്‍ ഇറങ്ങി തരനമായിരിക്കും അല്ലെ? ശരി.. ബില്ല് പോരട്ടെ.. പിന്നെ രണ്ടു ബിയറ് ഒരു കവറില്‍ ഇട്ടു കൊണ്ട് പോരെ.."

ഞാന്‍ " " എന്തിനാ ഭായീ ബിയറ്? " " ഒരു പൈന്റ് പറഞ്ഞാല്‍ പോരെ?"

ഭായി: " പൈന്റ് നമ്മള്‍ക്ക് വേറെ പറയാം.. ബിയറ് വണ്ടിയേല്‍ ഇരുന്നു അടിക്കാനാ.."

അങ്ങനെ ബില്ലും ബിയറും വന്നു...

ഭായീടെ ചേച്ചി നാലാഞ്ചിറയില്‍ താമസിക്കുന്നുണ്ട്.. ചേച്ചി അവിടെ ഒരു സ്കൂളില്‍ ടീച്ചറും അളിയന്‍ KSEBഇല്‍ എഞ്ജിനീയറും ആണ്.. അവര് അവിടെ മാനം മര്യാദ ആയിട്ട് താമസിക്കുന്നു...അവരൊക്കെ കൊല്ലത്തുള്ള അളിയന്റെ വീട്ടില്‍ പോയെക്കുവായത് കൊണ്ട് ഞങ്ങള്‍ അവിടെ കൂടാന്‍ ആയിട്ട് നേരെ അങ്ങോട്ട്‌ വെച്ച് പിടിച്ചു..

ശ്രീകാര്യം ആയപ്പോള്‍ തന്നെ ബിയറ് കാലി ആയി..
അപ്പോള്‍ ഭായീടെ തലയില്‍ പുതിയ ഒരു ആശയം മുളച്ചു " നമ്മുക്ക് എന്‍റെ വീട്ടിലോട്ടു പോയാലോ? "" അങ്ങോട്ടല്ലേ നമ്മള്‍ ഇപ്പൊ പോകുന്നെ?"

" അതല്ല കോഴിക്കൊട്ടോട്ടു.."

ഞാന്‍ : " രാത്രിയിലോ? എങ്ങനെ? "

ഭായി: " ബൈക്കില് ..ഇപ്പൊ വെച്ച് പിടിച്ചാല്‍ നാളെ ഒരു 10.00 - 10.30 ഒക്കെ ആവുമ്പോള്‍ അങ്ങ് എത്തും ."

ഞാന്‍: " വണ്ടി നിര്‍ത്തെടാ.. "

ഭായി: " ???"

ഞാന്‍ :" കോഴിക്കൊട്ടോട്ടല്ലേ? കുറെ ദൂരം ഞാന്‍ ഓടിക്കാം"

" നീയോ? "

" അതെന്നാ ഞാന്‍ ഓടിച്ചാല്‍ അവിടെ എത്തത്തില്ലേ? "

"അതിനു നിന്റെ റിലേ പോയി കിടക്കുവല്ലേ?"

" കൂടെ ഉള്ള നിനക്കും റിലേ ഇല്ലല്ലോ.. കൊംപ്ളിമെന്‍റ് ആയിക്കോളും.. "

" ശരി.."

" .."

അങ്ങനെ വണ്ടി തിരിച്ചു..

കഴക്കൂട്ടത്തു എത്തി NH-47 ഇലൂടെ വെച്ച് അനത്തി.. കണിയാപുരതുള്ള ഒരു പമ്പില്‍ നിന്നും ഫുള്‍ ടാങ്ക് എണ്ണയും അടിച്ചു..പിറകില്‍ ഇരുന്നു ഭായി ഇടയ്ക്ക് സ്പീഡ് കുറയ്ക്കടാ.. എന്ന് പറയുന്നുണ്ടായിരുന്നു...

ആര് കേള്‍ക്കാന്‍..

കൊല്ലം ടൌണില്‍ എത്തി ഏതോ ഒരു റൌണ്ടാന തിരിഞ്ഞു പിന്നേം കത്തിച്ചു വിട്ടു..

കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഒരു ബോര്‍ഡ്‌.. " വെല്‍ക്കം റ്റു ആറ്റിങ്ങല്‍ "

ഈശ്വരാ..

റൌണ്ടാന കറങ്ങി വന്ന വഴിയെ തിരിച്ചു പോന്നതാണ്..

പിന്നേം ഞാന്‍ വണ്ടി തിരിച്ചു " ഇനി നമ്മള്‍ കോഴിക്കോട്ടു എത്തീട്ടെ നിര്‍ത്ത്തൊല്ല് കേട്ടോ.. ഇടയ്ക്ക് കട്ടന്‍ കാപ്പി സിഗരട്ട് എന്നൊന്നും പറഞ്ഞെക്കല്ല്.. "

വര്‍ക്കല ആയപ്പോള്‍ എനിക്ക് മടുത്തു..

" ഇനി ഭായി കുറച്ചു ദൂരം ഓടിക്ക്‌.."

"അങ്ങനെ ആയിക്കോട്ടെ.. ശരി മുതലാളീ.."

" സ്പീഡ് പോരല്ലോ ഭായീ"

" 70 - 80 അല്ലെ .. ഇത് മതി.."

"പോര.. " ഞാന്‍ ബാക്ക് സീറ്റില്‍ ഇരുന്നു ആക്സിലറേറ്റര്‍ കൊടുക്കാന്‍ നോക്കി..

ഭായി എന്‍റെ കയ്യ് തട്ടി മാറ്റി..

അങ്ങനെ കുറച്ചു ദൂരം പോയി.. അതാ ഒരുത്തന്‍ കൈ കാണിക്കുന്നു... സൈഡ് ഇല് ഒരു വെള്ള ടവേര.. മുകളില്‍  നീല , ചുവപ്പ് നിറങ്ങളിലുള്ള ലൈറ്റ്‌ ഒക്കെ ആയിട്ട്...

ഭായി വണ്ടി നിര്‍ത്തി.. അവരോടു പോയി ഡീല്‍ ചെയ്യുന്നു.. ഞാന്‍ ബൈക്കില്‍ ഇരുന്നു ബോര്‍ അടിച്ചു..

ഒരു സിഗരട്ട് കത്തിച്ചാലോ? വേണ്ടാ.. ഏമാന്മാര്‍ ഒക്കെ നോക്കി നിക്കുവല്ലേ?

ഭായി വളരെ ടീസന്‍റ് ആയി അവരോടു ഏതാണ്ടൊക്കെയോ പറയുന്നു.. ഏതാണ്ട് പേപ്പര്‍ ഒക്കെ കാണിക്കുന്നു...

എന്‍റെ ക്ഷമ കേട്ട്... " ഭായീ ഞാന്‍ ഇടപെടണോ?"

ഒരു ഏമാന്‍ ഭായിയോട് " പാമ്പിനേം കൊണ്ട് എവിടെ പോവാടാ??"

ഞാന്‍ : " പാമ്പോ? സൂക്ഷിച്ചു സംസാരിക്കണം മിസ്റ്റര്‍ "

രണ്ടിനേം പൊക്കിയെടുത്തു അവന്മാരുടെ വണ്ടിയേല്‍ ഇടാന്‍ അധികം താമസം ഉണ്ടായില്ല..
" ഞങ്ങളെ ഹോസ്പിട്ടളിലോട്ടു കൊണ്ടുപോകുന്നില്ലേ? മദ്യപിചോന്നു പരിശോധിക്കാന്‍??"
" എന്തിനാ?? മദ്യത്തില്‍ എത്ര അളവ് രക്തം ഉണ്ടെന്നു അറിയാനാണോ?"
അങ്ങനെ ഞങ്ങളെ ഹൈവേ പോലീസിലെ ഏമാന്മാര്‍ ചാത്തന്നൂര്‍ സ്റ്റേഷന്‍ ഇല്‍ കൊണ്ട് ചെന്നാക്കി തിരിച്ചു പോന്നു..അവിടെ നൈറ്റ്‌ ദ്യുട്ടിക്കു ഉള്ള ഏമാന്മാര്‍ എല്ലാം ഫുള്‍ അണ്‍ഫിറ്റ് ..റൈറ്റര്‍ സാര്‍ ചാര്‍ജ് ഷീറ്റ് എഴുതി ഉണ്ടാക്കാന്‍ തുടങ്ങി..വകുപ്പുകള്‍ പലതാണ്."
മദ്യപിച്ചു വാഹനം ഓടിക്കല്‍, പൊതുജനത്തിന് ശല്യം ഉണ്ടാക്കല്‍, പോലിസിനെ ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍.. " അങ്ങനെ പലതും..അഡ്രസ്‌ നു വേണ്ടി ഭായീടെ ലിസ്സിന്‍സ് മേടിച്ചു.. അതിലെ അഡ്രസ്‌ ഭായി പണ്ട് വാടകയ്ക്ക് താമസിച്ച ഏതോ സ്ഥലത്തെ ആണ്.. വണ്ടി വേറെ ആരുടെയോ പേരിലും..
റൈറ്റര്‍ ഏമാന്‍ ബുദ്ധി ഉള്ള ആളായിരുന്നു... ഞാന്‍ വ്യാജ അഡ്രസ്‌ നല്‍കിയാലോ എന്ന് ഭയന്ന് പുള്ളിക്കാരന്‍ എന്‍റെ ടെടില്സ് ഒക്കെ സൂത്രത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചു.."എവിടെയാ താമസിക്കുന്നെ? "
" ടെക്നോ പാര്‍ക്കിന്‍റെ അടുത്താണ്.."
"നാട് എവിടെയാ?"
"കോട്ടയം.."
" വീട്ടു പേര്?"
 "വാഴവേലില്‍.."
"അച്ഛന്‍റെ പേര്.? "
" രവീന്ദ്രന്‍ നായര്‍.." ഇതൊക്കെ പലപ്പോഴായിട്ടാണ് പുള്ളി ചോടിച്ചത്‌..ഒടുവില്‍ ചാര്‍ജ് ഷീറ്റ് തയ്യാറായി..ഭായീടെത് പഴയ അഡ്രസ്‌ ആണ് എഴുതി വെചേക്കുന്നത്..
എന്‍റെ അഡ്രസ്‌ " കോട്ടയം ടെക്നോ പാര്‍ക്കിനു സമീപം താമസിക്കുന്ന വാഴവേലില്‍ രവീന്ദ്രന്‍ നായര്‍ മകന്‍ രജീഷ് "... ദൈവമേ..സാര്‍ എന്നെക്കാള്‍ പിമ്പിരി ആണല്ലേ.. മിണ്ടണ്ട..നേരം വെളുതപ്പോലെയ്ക്കും വിവേകും വിനു ചേട്ടനും കൂടെ വന്നു ഞങ്ങളെ ജാമ്യത്തില്‍ ഇറക്കി..
ഇതൊന്നും അറിയാതെ , രാത്രിയില്‍ ഭായി വിളിച്ചു പറഞ്ഞതനുസരിച്ച് ഭായീടെ ചേട്ടന്‍ അവിടെ രാവിലെ തന്നെ പോയി ഇറച്ചി ഒക്കെ മേടിച്ച്, കുപ്പി ഒക്കെ സംഘടിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു..പുള്ളിയെ പേടിച്ചു ഞങ്ങള്‍ കുറെ കാലത്തേയ്ക്ക് ആ വഴി പോയിട്ടില്ല...

Monday, August 24, 2009

ജാക്ക് ഡാനിയേല്‍സ്....

അപ്രാവശ്യം നാട്ടില്‍ വന്നിറങ്ങിയത് നെടുംബാശ്ശേരിയിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ആണ്.. ഞാന്‍ ആദ്യമായിട്ടാണ് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ വന്നു ഇറങ്ങുന്നത്.. ഡൊമസ്റ്റിക്കിലെ പോലെ അല്ല.. ദേണ്ടെ ഡ്യൂട്ടി പൈഡ് ഷോപ്പുകള്‍.. ജോണി വാക്കെറും ഷിവാസ് റീഗലും ജാക്ക് ഡാനിയേലും എല്ലാം ഇങ്ങനെ നിരത്തി നിരത്തി വെച്ചേക്കുന്നു.. ഞാന്‍ ആണേല്‍ ഈ ജാക്ക് ഡാനീയേല് അടിച്ചിട്ടുമില്ല.. എനിക്കാകെ ഉള്ളില്‍ ഒരു ഒരു ഇത്. ഇപ്പോള്‍ തന്നെ അത് മേടിക്കണം.. ഞാന്‍ ഡ്യൂട്ടി പൈഡ് ഷോപ്പിന്‍റെ അടുത്തേയ്ക്ക് നീങ്ങി..
അല്ല ഇതും മേടിച്ചോണ്ട് വീട്ടിലോട്ടു പോയിട്ട് എന്തിനാ.. ഒരാഴ്ച്ചയെ അവധി ഉള്ളൂ..
നാട്ടില്‍ ആണേല്‍ കമ്പനി ആരും ഇല്ല.. അവധിക്കിടയില്‍ വേറെ അജണ്ട ഒന്നും തന്നെ ഇല്ല.. ഫുള്‍ ടൈം വീട്ടില്‍ തീറ്റ, ഉറക്കം.. അത്ര തന്നെ..അപ്പോള്‍ പിന്നെ ഞാന്‍ ഇതും മേടിച്ചു വീട്ടിലോട്ടു ചെന്നാല്‍ ഇതു ചെയ്യാനാണ്..
അല്ലേല്‍ മേടിച്ചു വീട്ടില്‍ കൊണ്ട് വെച്ച് ഒതുക്കത്തില്‍ അങ്ങ് പിടിപ്പിചാലോ?
ശരിയാകുമോ?
വീട്ടില്‍ ആരെങ്കിലും കണ്ടാല്.. ഈശ്വരാ..അല്ലേല്‍ ആര് കാണാനാ? എന്‍റെ മുറീലോട്ടു ആരും അങ്ങനെ വരാറില്ലല്ലോ...
ഇനി എങ്ങാനും വന്നാലോ?
മേടിച്ചേക്കാം അല്ലെ? അത് വേണോ? പുലിവാലായാലോ?
അല്ലേല്‍ പിന്നെ ഇത് അടിക്കാന്‍ വേണ്ടി ഇത് കൊണ്ട് തിരുവനന്തപുരത്ത് പോകണം.. അവന്മാരുടെ അടുത്ത്..അത് നടക്കുമോ?
നടന്നില്ലെല്ലോ?
അല്ലേല്‍ പിന്നെ തിരിച്ചു പോകുമ്പോള്‍ മേടിച്ചോണ്ട് പോകണം..
അതിനു തിരിച്ചു ടോമെസ്ടിക്കില്‍ നിന്നും ആണെല്ലോ ടിക്കറ്റ്‌.. എങ്ങനെ വാങ്ങാനാ?കലിപ്പ്.. ടെസ്പ്‌..
അല്ലേല്‍ തിരിച്ചു ചെന്നിട്ടു മുംബൈയില് നിന്നും വാങ്ങി അടിക്കാം.. അല്ലാതെ എന്ത് ചെയ്യും...അപ്പോളാണ് എനിക്ക് ബോധം വീണത്‌..ഞാന്‍ ഓരോന്ന് ആലോചിച്ചു നടന്നു അറൈവല്‍ ഗേറ്റിന്റെ വെളിയില് എത്തി. ലെഗ്ഗേജ് കളക്‍ട് ചെയ്യാന്‍ മറന്നു...ഇനി എന്ത് ചെയ്യും..ഞാന്‍ തിരിച്ചു നടന്നു..അവിടെ ഒരു സാറ് എന്നെ തടഞ്ഞു നിര്‍ത്തി.. " എങ്ങോട്ടാ?? "അത് പിന്നെ ലെഗ്ഗേജ് .. ഞാന്‍ പോക്കറ്റില്‍ കിടന്ന ബോര്‍ഡിംഗ് പാസ്‌ കാണിച്ചു..ആ സാറ് അകത്തോട്ടു പോകാന്‍ അനുവദിച്ചു..അവിടെ പിന്നേം വേറെ കുറെ സാറുമ്മാര്... അതില്‍ ഒരു സാറിന് മലയാളം അറിയാന്‍ മേലാ..ഒരു വിധത്തില്‍ എല്ലാരേം ഡീല്‍ ചെയ്തു അകത്തു എത്തി.. ലെഗ്ഗേജ് എടുത്തോണ്ട് പോന്നു..പിന്നെ ജീവിതത്തില്‍ ഒരിക്കലും എയര്‍പോര്‍ട്ടില്‍ നിന്നും ലെഗ്ഗേജ് കളക്‍ട് ചെയ്യാന്‍ ഞാന്‍ മറന്നിട്ടില്ല...

Thursday, August 20, 2009

പട്ടാളക്കാരന്‍റെ പ്രണയം..

പാതിരാവായി, ചുറ്റിലും മഞ്ഞു പൊഴിയുന്നു..
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു...

കഴിഞ്ഞ അവധിക്കു നാട്ടില്‍ ഞാന്‍ വന്നപ്പോള്‍...
അന്നിടവഴിയില്‍ നീ കാത്തു നിന്നതും..
പോയിന്‍റ് ബ്ലാങ്ക് റെയിഞ്ജില്‍ നീ ഫയര്‍ ചെയ്തൊരു പ്രേമത്തിന്റെ ബുള്ളറ്റുകള്‍
തറച്ചതിന്റെ കുളിര് ഇന്നും എന്റെ ഉള്ളില്‍ മായാതെ നില്‍ക്കുന്നു..
തോക്കിന്‍റെ പാത്തിപോലുള്ള നിന്‍ മൂക്കിന്‍റെ തുമ്പില്‍ ഞാന്‍ അന്നൊന്നു തൊട്ടപ്പോള്‍ നീ..
പൊട്ടുവാന്‍ വെമ്പി നില്‍ക്കുന്ന ബോംബായി എന്‍റെ നെഞ്ഞിലെയ്ക്ക് ചാഞ്ഞതും..
അത് വഴി വന്ന നിന്‍റെ അപ്പന്‍ നമ്മുടെ ഇടയിലെയ്ക്കൊരു മിസൈല് ആയി പതിച്ചതും..
എന്‍റെ ചെകിടത്ത് ഷെല്ല് പൊട്ടിച്ചതും, ഇല്ല ഞാന്‍ ഒന്നും മറന്നിട്ടില്ലോമലെ...

അനശ്വര പ്രേമത്തിന്‍റെ ആറ്റംബോംബാണ് നീ..
ഒരു സ്റ്റെന്‍ ഗണ്‍ എന്ന പോലെ നിന്നെ മാറോടടക്കി ഓമനിക്കുവാന്‍
ഒരായിരം മോഹങ്ങള്‍ മനസ്സിലുണ്ടോമാലെ..
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു...

താങ്ങുവാന്‍ ആവുന്നില്ല ഈ വിരഹം, റമ്മടിക്കുവാന്‍ പോലും ആവുന്നില്ലെനിക്ക്,
എത്തിടും ഞാന്‍ നിന്നെ കൊണ്ടുപോയീടുവാന്‍..
പടവെട്ടിടും നിന്‍റെ അപ്പനോടും ആങ്ങളമാരോടും..
ആ യുദ്ധത്തില്‍ ഞാന്‍ വീരമൃത്യു വരിച്ചാലും തളരരുതു നീ..
അവസാന തുള്ളി രക്തം വരെയും നിനക്കായി പോരുതിടും ഞാന്‍...

നിറുത്തട്ടെ ഞാന്‍, ഡ്യൂട്ടിക്ക് സമയമായി..
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു...
കിടുകിടാ വിറയ്ക്കുന്നോരീ തണുപ്പിലും നിന്നോര്‍മ്മകള്‍
എന്റെ നെഞ്ചില്‍ ഗ്രനേഡുകള്‍ വിതറുന്നു..
പഠേ പഠേ പഠേ പഠേ....

Friday, August 7, 2009

ബുജിയുടെ സ്വന്തം സര്‍ക്ക്യൂട്ട്

കോളേജില്‍ പഠിക്കുന്ന കാലത്തെ സംഭവം ആണ്..ബുജി ഞങ്ങളുടെ ബാച്ചിലെ ഒരു സഹപാഠിയും.. ആദ്യമേ പറഞ്ഞു കൊള്ളട്ടെ... ബുജി ഒരു പക്കാ പഠിപ്പിസ്റ്റ് ആയിരുന്നു.. മറ്റൊരു കലാപരിപാടികള്‍ക്കും ആശാന്‍ വരില്ല.. ബുജിയുടെ അതി ബുദ്ധികൊണ്ട് വെള്ളം കുടിച്ച അനേകം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉണ്ടായിരുന്ന ഒരു ക്യാമ്പസ്‌...

ഫസ്റ്റ് ഇയറില്‍ ഇലക്ട്രോണിക്സ് പഠിപ്പിച്ച മിസ്സിനോട് " മിസ്സ്.. ഈ കാക്ക എന്ന ജീവി ഒരു ഇന്സുലേറ്റര്‍ അല്ലെ ... പിന്നെ എന്താണ് അത് ലൈന്‍ കമ്പിയില്‍ വന്നു ഇരിക്കുമ്പോള്‍ ചാര്‍ജ് ആയി ഒരു കപ്പാസിറ്റര്‍ ആയിട്ട് ആക്ട്‌ ചെയ്യാത്തത്‌ ?" എന്ന് ചോദിച്ച കക്ഷി ആണ്... മിസ്സ്‌ ഡെസ്പ് ആയി എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞു കൊള്ളട്ടെ..

മറ്റൊരു സംഭവം അവന്മാരുടെ കമ്പ്യൂട്ടര്‍ ലാബില്‍ സംഭവിച്ചതാണ്.. ഔട്ട്പുട്ട് കിട്ടാതെ വന്ന ബുജി മിസ്സിനെ സഹായത്തിനായി വിളിച്ചതും മിസ്സ് വന്നു ബുജിയുടെ പ്രോഗ്രാം തിരുത്തി കൊടുത്തു.. ബുജിയുടെ അപ്പുറത്ത്‌ ഇരുന്നവന്‍റെ പ്രോഗ്രാമും മിസ്സ്‌ തിരുത്തി കൊടുത്തു.. ബുജിക്കൊരു സംശയം.. മിസ്സ്‌ തനിക്കു പറഞ്ഞു തന്നത് തെറ്റാണോ? ബുജി തന്‍റെ പ്രോഗ്രാമിലെ പ്രസക്ത ഭാഗങ്ങള്‍ ഡിലീറ്റു ചെയ്തിട്ട് അയല്‍വാസിയുടെ കോഡ് അതുപോലെ ടൈപ്പ് ചെയ്തു വെച്ചു.. ഒടുവില്‍ കമ്പയില് പോലും ആകുന്നില്ല.. മിസ്സ്‌ വീണ്ടും വന്നു നോക്കി... ഇത്തവണ വന്നപോലെ തന്നെ ഒന്നും മിണ്ടാതെ മിസ്സ്‌ തിരിച്ചു പോയി...അസ്തപ്രജ്ഞനായി ഇരുന്ന ബുജിയുടെ അടുത്ത് ശകലം വിവരമുള്ള മറ്റൊരുത്തന്‍ വന്നു നോക്കിയപ്പോള്‍ ആണ് കാര്യം മനസ്സിലായത്‌.. ബുജിയും അപ്പുറത്തിരുന്നവനും ചെയ്തോണ്ട് ഇരുന്നത് വേറെ വേറെ പ്രോഗ്രാമുകള്‍ ആയിരുന്നു..

ഇനി നമുക്ക് സര്ക്ക്യൂട്ടിന്‍റെ കഥയിലേയ്ക്കു വരാം...ലാബില്‍ മിസ്സ്‌ ഒരു സൈക്കിള്‍ എക്സ്പിരിമെന്റു ചെയ്യാനായി കൊടുത്തു.. 6 എണ്ണം.. അതില്‍ 5 എണ്ണത്തിന്‍റെ സര്‍ക്ക്യൂട്ട് കൊടുത്തിട്ട് മിസ്സ്‌ പറഞ്ഞു.. ഒരെണ്ണം പിന്നെ തരാം.. എന്നാല്‍ ബുജി ആ സര്‍ക്ക്യൂട്ട് തന്‍റെ കയ്യി ഉണ്ടെന്നു അവകാശപ്പെടുകയും ചെയ്തപ്പോള്‍ " എങ്കില് ‍ബുജി അത് ചെയ്യട്ടെ.. ബാക്കിയുള്ളവര്‍ മറ്റു എക്സ്പിരിമെന്റുകള് ചെയ്യട്ടെ" എന്നായി മിസ്സ്‌..

5 ആഴ്ചകള്‍ കടന്നു പോയി.. ബാക്കി ഉള്ളവര്‍ മിസ്സ്‌ കൊടുത്ത 5 എണ്ണവും ചെയ്തു തീര്‍ന്നു... ബുജി മാത്രം സ്വന്തം സര്‍ക്ക്യൂട്ട് കൊണ്ട് തള്ളി നീക്കി... ഒന്നും ശരിയാകുന്നില്ല... മിസ്സ്‌ വന്നു നോക്കി... ടിയാന്‍റെ സര്‍ക്ക്യൂട്ട് മിസ്സിന് കണ്ടിട്ട് മനസ്സിലായില്ല...
ഒടുവില്‍ അവിടുത്തെ പുലി ആയ മത്തായി സര്‍ വന്നു... മത്തായി സര്‍ എന്നാല്‍ പിള്ളേരുടെ പേടി സ്വപ്നം ആണ്.. ദേഷ്യം വന്നാല്‍ പിന്നെ "..മോനെ" എന്നെ വിളിക്കൂ... സര്‍ക്ക്യൂട്ട് കണ്ടു സര്‍ അമ്പരന്നു പോയി...സര്‍ അതിനെ തലനാരിഴ കീറി പരിശോധിച്ചു.. ഒന്നും പിടികിട്ടുന്നില്ല...
സര്‍ : " ഈ സര്‍ക്ക്യൂട്ട് എവിടുന്നു കിട്ടിയെടാ ??"
ബുജി : " ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാണ് സര്‍"സര്‍ വീണ്ടും പരിശോധിച്ച് നോക്കി... ഒന്നും മനസ്സിലാകുന്നില്ല...
" ഈ കമ്പോണന്‍റിന്‍റെ ഒക്കെ വാല്യൂ ശരിക്കും എന്നതാടാ?? "
ബുജി " അങ്ങനെ പ്രത്യേകിച്ചു വാല്യൂ ഒന്നും ഇല്ല സര്‍.. "
പിന്നെ ആകെ ഒരു ഭീകരത ആയിരുന്നു.. സര്‍ ബുജിയുടെ കഴുത്തിന്‌ പിടിച്ചു പൊക്കി... മോനെ മോനെ എന്ന് കുറെ വിളിച്ചു.. മിസ്സ്‌ ചെവി പൊത്തി.. സര്‍ ബുജിയെ ഉന്തി തള്ളി ലാബില്‍ നിന്നും ഇറക്കി വിട്ടു.. "മേലാല്‍ ഈ മാതിരി മൈ** സര്‍ക്ക്യൂട്ടും കൊണ്ട് ലാബില്‍ വന്നേക്കല്ല് ***മോനെ "...
അവസാനം മിസ്സ്‌ തന്നെ സര്‍ക്ക്യൂട്ട് പിള്ളേര്‍ക്ക് കൊടുത്തു...

ബുജി ഇപ്പോള്‍ എവിടെ ആയിരിക്കും?? ഏതെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ എക്സിക്ക്യൂടിവ് ആയി വിലസുന്നുണ്ടാവും.. ഈ കഥകള്‍ ഒക്കെ അവനു ഓര്‍മ്മ ഉണ്ടാവുമോ ആവോ ?

Saturday, July 25, 2009

ഒരു എലി തന്ന പണി...

കിടക്കാന്‍ ശകലം ലേറ്റ് ആയി.. ഞാന് നോക്കിയപ്പോള്‍ ജോ ഒരു പെരുമരം വെട്ടിയിട്ട പോലെ കിടക്കുന്നു... കിംഗ് സൈസ് സോഫാ ആണ്.. അതിന്‍റെ ഒരു തൊണ്ണൂറു ശതമാനം പ്രദേശങ്ങളും അവന്‍ കൈയടക്കി വെച്ചിരിക്കുന്നു... ഒരു വിധത്തില് അവന്റെ കയ്യും കാലും ഒക്കെ ഒതുക്കി വെച്ച് ഞാനും കിടക്കാന്‍ ഒരല്പം സ്ഥലം കണ്ടെത്തി..
ഒന്ന് ഉറക്കം പിടിച്ചു വന്നുവെന്ന് പറയാം... അതിന്റെ ഇടയ്ക്ക് ഞാന് ഒരു സ്വപ്നം കണ്ടു.. ഞാന്‍ നാട്ടിലുള്ള വീട്ടിലാണ് കിടന്നുറങ്ങുന്നത്... വീട്ടില് ഒരു അസത്ത് പൂച്ച ഉണ്ട്... എന്റെ പോന്നുപെങ്ങള് ലാളിച്ചു വഷളാക്കിയ ഒരു തല തെറിച്ച പൂച്ച... അവന്‍ വന്നു എന്‍റെ കയ്യില്‍ തോണ്ടുകയാണ്... നാശം... ഉറങ്ങാനും സമ്മതിക്കില്ല.. ഇവനെ ഒക്കെ പിടിച്ചു വീട്ടീന്ന് പുറത്താക്കണം... നശിച്ച പൂച്ച... അതിപ്പോള്‍ എന്നേ കരളുന്നോ... ഈശ്വാരാ... പാതി കണ്ണ് തുറന്നു നോക്കി... ഒരു എലി അല്ലെ അത്.. എന്‍റെ തലയ്ക്കല് വന്നിരുന്നു എന്നെ ഞോണ്ടുന്നത്.. ജോയുടെ ടീപോയേല് ഇരിക്കുന്ന ലാപ്ടോപിന്റെ എല്‍ ഇ ഡി ടെ വെട്ടത്തില്‍ ആണ് കാണുന്നത്...
ഞാന്‍ കുടഞ്ഞു എണീറ്റു.... എന്‍റെ വായില് നല്ല പുളിച്ച തെറിയാണ് വന്നത്.. ഞാന്‍ ഏതാണ്ടെല്ലാമോ വിളിച്ചു പറഞ്ഞു... ഈ പുളിച്ച വചനങ്ങള് കേട്ടുകൊണ്ട് ജോ ഏണീറ്റു കണ്ണും തിരുമ്മി എന്നെ നോക്കി... ഞാന്‍ ഏണീറ്റു ലൈറ്റ് ഇട്ടു..
"ഡാ.. നമ്മുടെ തലയ്ക്കല് ഒരു എലി വന്നിരുപ്പുണ്ടാരുന്നു.. ഞാന് കണ്ടതാ... "
അവന്‍ ഒന്ന് ഞെട്ടി... അവനു പണ്ടേ തന്നെ ഈ പല്ലി, എലി , പാറ്റാ തുടങ്ങിയ ജന്തുക്കളെ ഭയം ആണ്...
"നീ ശരിക്കും കണ്ടോ?"
" കണ്ടടാ... ഇരുട്ടത്താ കണ്ടത്, അത് എന്നെ കരളാന്‍ ശ്രമിച്ചു..."
അവന് ആകെ ടെസ്പ് ആയി..

പിന്നെ എനിക്കൊരു സംശയം, ഞാന്‍ ശരിക്കും കണ്ടത് തന്നെ ആണോ അതോ അതും സ്വപ്നം ആയിരുന്നോ? സ്വപ്നം എങ്ങാനും ആയിരുന്നെല് ഞാന് ജോയുടെ വായിലിരിക്കുന്നത് മുഴുവനും കൂടെ കേക്കണ്ടി വരും ...
ഞാന്‍ സോഫാടെ അടീലോട്ടു നൂകി... ദേണ്ടെ ഇരിക്കുന്നു ആ മൂഷികന്‍..
" ജോ.. ദേണ്ടെടാ അവന്‍ ഇവിടെ തന്നെ ഇരിക്കുന്നു..." ജോയുടെ മുഖം ഒന്ന് കൂടെ കറത്തു...
" തട്ടിയാലോ?"
"ഓ.ക്കെ"
ഞങ്ങള്‍ പെട്ടന്ന് തന്നെ സോഫ ഒക്കെ അകത്തോട്ടു വലിചിട്ടു.. മറ്റു മുറികളിലെയ്ക്കുള്ള കതകൊക്കെ അടച്ചു സീല് ചെയ്തു.. ജോയാണെങ്കില് ഒരു ചൂലും ഒക്കെ കൊണ്ട് വന്നു നിക്കുന്നു... ഞങ്ങള് കമാന്‍റോ ഓണപ്പറേഷന്‍ തുടങ്ങി.. ഞാന്‍ സോഫയുടെ ഒരു വശത്ത് നിന്നും അറ്റാക്ക് തുടങ്ങി.. ശത്രു പുറത്തു ചാടുമ്പോള്‍ തല്ലിക്കൊല്ലാന്‍ ജോ വെയിറ്റ് ചെയ്തു.. എന്‍റെ അറ്റാക്ക് ഫലിച്ചു തുടങ്ങി.. കൌണ്ടര്‍ അറ്റാക്കി നു മുതിരാതെ എലി മറുവശത്ത് കൂടി പുറത്തു ചാടി.. അപ്പോള്‍ ജോ ഒരു വലിയ ശബ്ദമുണ്ടാക്കി വളരെ ഉയരത്തില് അവനും ചാടി.... എലി അതിന്‍റെ പാട്ടിനു പോയി.. എലി ഫ്രിട്ജിന്‍റെ അടിയില്‍ ഒളിച്ചു... ഇപ്പ്രാവശ്യം ജോയും ഞാനും കൂടെ രണ്ടു വശത്ത് നിന്നും ഒരു പ്ലാന്ട് ഓണപ്പറേഷന്‍ അങ്ങ് തുടങ്ങി... ഇപ്പ്രാവശ്യം മിസ്സ് ആകല്ല്.. ആക്രമണം അതിന്‍റെ പീക്കില് നടക്കുമ്പോള് അവന്‍ വീണ്ടും പുറത്ത് ചാടി.. ഇപ്പ്രാവശ്യം അവനിട്ട് രണ്ടുമൂന്നെണ്ണം കിട്ടി.. പിന്നെ ഒരു പ്ലാസ്റ്റിക് കവറിന്‍റെ അടിയില് ഒളിച്ചു...
അത് ശരി... അവന് അപ്പോളൊരു കവേറ്ഡ് ഓണപ്പറേഷന്‍ ആണ് നടത്തുന്നന്ത്.. ഇനി നമ്മള് ഒരു അണ്ടര്‍ കവര്‍ ഓണപ്പറേഷന്‍ നടത്തണം.. മനസ്സിലായില്ലേ.. കവറ് പൊക്കി അതിന്റെ അടിയിലുള്ള എലിയെ തല്ലി കൊല്ലണം.. അങ്ങനെ തന്നെ ചെയ്യാന്‍ വേണീട്ടാ കവറ് പൊക്കീത്. ... ഒരടി കൂടെ കൊടുത്തു.. പക്ഷെ എലി പിന്നേം ഫ്രിട്ജിന്റെ അടീല് കയറി ഒളിച്ചു.. പിന്നെ എന്നാഒക്കെ കാണിച്ചു നോക്കീട്ടും എലി പുറത്തു ചാടുന്നില്ല.. ഡെസ്പ്..
പിന്നെ കിടന്നു ഉറങ്ങാന്‍ ധൈര്യം വന്നില്ല... കിടന്നാല് അവന്‍ പിന്നേം വന്നു പണി തന്നാലോ?? മൂന്നാലെണ്ണം കൊടുത്തിട്ടും ഉണ്ട്.. അവന്‍ പണി തരും.. ഉറപ്പാ...

ഞങ്ങള്‍ അവിടെ അത്രേം പുകിലൊക്കെ ഉണ്ടാക്കിയിട്ടും അകത്തു കിടന്നു ഉറങ്ങുന്ന അലിഭായീം തിരുമേനീം സെബാനും ഒന്നും അറിഞ്ഞില്ല.. കുംഭകര്ണന്മാര്...

കട്ടന്‍കാപ്പി ഇട്ടു കുടിച്ചും ഒണ്ടാരുന്ന ഒരു പാക്കറ്റ് മിക്സ്ചറ് കൊറിച്ചും അങ്ങനെ നേരം വെളുപ്പിച്ചു... ഓരോ എലിടാഷ് മക്കള് തരുന്ന പണികളേയ്...
രാവിലെ കുളിച്ചൊരുങ്ങി ആദ്യം തന്നെ ആപ്പീസില് എത്തി.. ചരിത്രത്തില് ആദ്യ സംഭവം ആണ്.. ഉറങ്ങാതിരുന്നതിനാല്‍ രാവിലെ എണീക്കുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ... ഓഫീസില്‍ ഇരുന്നപ്പോള്‍ കണ്ണ് തന്നെ അടഞ്ഞു പോകുന്നു..
ഞാന്‍ ഇരുന്നു ഉറങ്ങിപ്പോയി.. കുറച്ചു കഴിഞ്ഞപ്പോള്‍ മാനേജര് സായിപ്പ് അവര്കള്‍ എന്‍റെ മുറീലോട്ടു കയറി വന്നു... ഞാന്‍ നല്ല പൂക്കുറ്റി ഉറക്കം...
അയാള്‍ എന്നെ തട്ടി.. വിളിച്ചു.. ഞാന്‍ ഉണരുന്നില്ല... പിന്നെ അങ്ങേരു ഉച്ചത്തില്‍ തന്നെ വിളിച്ചു.. "രഹീഷ്.. രഹീഷ്.. ". സായിപ്പല്ലേ.. നാക്ക് വടിക്കാത്ത കൊണ്ട് രജീഷ് എന്ന് " അച്ചര പ്പുടത" യോടെ വിളിക്കാന് ഇയാള്ക്കൊണ്ടൊ അറിയാവുന്നു...
" രഹീഷ്.. വാട്ട് ഈസ് ദി സ്റ്റാറ്റസ്..." ഞാന് ഉറക്കത്തില് നിന്ന് എണീറ്റതിന്‍റെ വിമ്മിട്ടവും, ഞാന് ഉറങ്ങുത് സായിപ്പ് കണ്ടന്നുന്നുള്ള അങ്ങലാപ്പും, ചുറ്റുമുള്ള ഞവണാന്‍മാര്‍ എന്നെ തുറിച്ചു നോക്കുന്നത്തും കൂടെ ആയപ്പോള് ഞാന് വെറും ഒരു ശശി ആയതുപോലെ എനിക്ക് തോന്നി... സായിപ്പിന്റെ അടുത്ത് കുറെ ഡെമോ ഒക്കെ തള്ളി അയാളെ പറഞ്ഞ് വിട്ടു.. ബാക്കിയുള്ളവന്മാരുടെ തുറിച്ചു നോട്ടം ഇതുവരെ പിന്‍വലിച്ചിട്ടില്ല.... ഇവന്മാരോട് പറഞ്ഞാല് മനസിലാവില്ലല്ലോ എലി തന്ന പണീടെ ഒരു ഇന്‍റെന്‍സിറ്റി..

Friday, July 24, 2009

ചുമ്മാ.... വെറും ചുമ്മാ...

ഈ സംഭവം നടന്നിട്ട് എട്ടു മാസത്തോളം ആയി...
ഞാനും മനുക്കുട്ടനും മുംബൈയില് ‍വന്നിട്ട് ഏതാണ്ട് ഒരു ആഴ്ച കഴിഞ്ഞു റോയിച്ചനും വന്നു.. ആദ്യമേ പറഞ്ഞേക്കാം, മനുക്കുട്ടന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ ഡല്‍ഹിയില്‍ ആണ്.. പയ്യന്‍റെ ഹിന്ദി കിടിലനാ.. മുറ്റ്.. കലിപ്പ്‌.. ഒരു രക്ഷയും ഇല്ല... അക്രമ ഹിന്ദി....
പാവം പിടിച്ച എനിക്കാണേല്‍ ഈ ഭാഷ കാര്യമായിട്ട് വശമില്ല.. കേട്ടാല്‍ മനസ്സിലാവും.. അത്ര തന്നെ.. അത്യാവശ്യം ഒക്കെ അതും വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം ഹിന്ദി സംസാരിക്കുവേം ചെയ്യും..
അങ്ങനെ ഇരിക്കുമ്പോളാണ് റോയിച്ചന്റെ വരവ്...
റോയിച്ചനാണെങ്കില് ഹിന്ദിയുടെ ഏക്കും പൂകും അറിയാന്‍ മേലാ.. എന്നാലും ആശാന്‍ ഒരു മുറ്റ് താരം ആകാനുള്ള ശ്രമത്തില്‍ ആണ്.. കിട്ടുന്ന അവസരത്തില്‍ ഒക്കെ ഹിന്ദി വെച്ച് കാച്ചുവേം ചെയ്യും..
റോയിച്ചന്‍ ഹിന്ദി പറയുമ്പോള്‍ ആ മുഖം ഒന്ന് കാണണം.. കണ്ണൊക്കെ തുറിച്ച് ഇപ്പോള്‍ പൊട്ടി വീഴും എന്ന് തോന്നിപ്പോകും..
എനിക്കാണേല്‍ ലിത് കാണുമ്പോള്‍ ചിരി പൊട്ടും.. ഫാന്‍റം എന്ന സിനിമേല് ഹിന്ദി പറയാന്‍ ശ്രമിക്കുന്ന കൊച്ചിന്‍ ഹനീഫയോട്‌ മമ്മുക്ക പറേന്ന ഒരു ഡയലൊഗുണ്ട് " ദേവസി ഇപ്പൊ പറഞ്ഞത് ഹിന്ദി അല്ല.. ലിപി ഇല്ലാത്ത ഏതോ മറുഭാഷ ആണ്" എന്ന്.. ഈ ഡയലോഗ് എന്‍റെ മനസ്സിലോട്ടു തികട്ടി വരും..
അങ്ങനെ ഹിന്ദി പറഞ്ഞു മുറ്റാകാന്‍ ശ്രമിക്കുന്ന റോയിച്ചനിട്ടു ഒരു പണി കൊടുക്കാന്‍ ഞാനും മനുക്കുട്ടനും കൂടെ തീരുമാനിച്ചു.. ഇനി സംഭവിച്ചതൊക്കെ ചരിത്രമാണ്..

ഞങ്ങള്‍ വീട്ടില്‍ ഭയങ്കരമായ ഹിന്ദി സംസാരം തുടങ്ങി.. ഞാനും മനുക്കുട്ടനും തരം കിട്ടുമ്പോള്‍ ഒക്കെ ഞങ്ങള്‍ ഹിന്ദിയില്‍ "ചുമ്മാ" എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങി.. ( ഹിന്ദിയില് ചുമ്മാ എന്നു പറഞ്ഞാല്‍ സംഗതി വേറെ‍ ആണ്... മുത്തുഗ്ഗൌ..) റോയിച്ചന്‍ . ഇത് ശ്രധിക്കുന്നുണ്ടാരുന്നു... അണ്ണന്‍ ചോദിച്ചു " അല്ല.. ഈ ചുമ്മാന്നു വെച്ചാല്‍ ഹിന്ദിയില് എന്നാ?? " അതും " ഈ കിണോ ന്നു വെച്ചാല്‍ എന്താ കുട്ടിമാമാ.. ഇപ്പൊ തന്നെ പറഞ്ഞു തരണേ... " എന്ന സ്റ്റൈലില്‍.. അപ്പൊ മനുക്കുട്ടന്‍ പറഞ്ഞു കൊടുത്തു.. " ചുമ്മാ എന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ വേറെ എന്നാണു അര്‍ത്ഥം.. " റോയിച്ചന്‍ ഹാപ്പി ആയി.. ഒരു വാക്ക് കൂടെ പഠിക്കാന്‍ പറ്റിയല്ലോ.. മുറ്റിലേയ്ക്‍ ഒരു ചുവടു കൂടി മുന്നോട്ട്‌...

ഒരു കാര്യം പറയാന്‍ വിട്ടു പോയി കേട്ടോ.. ഈ റോയിച്ചന്‍ ഒരു കടാമുട്ടന്‍ ആണ്.. ഒരു വെല്യ സ്റ്റീല്‍ അലമാരീടെ വലിപ്പം വരും.. ഒരു പത്തു നൂറു കിലോ തൂക്കം ഒക്കെ ആയിട്ട്... എങ്കിലും ആളൊരു പാവത്താന്‍ ആണ്.. ഞങ്ങള്‍ ഒക്കെ മാടപ്രാവേന്നാ വിളിക്കുന്നെ.. മാടിന്റെ ശരീരോം പ്രാവിന്റെ ഹൃദയോം.. അതല്ലേ ഞാന്‍ ഇതൊക്കെ ഇത്ര ധൈര്യമായിട്ട് ഇവിടെ എഴുതുന്നെ.. അല്ലേല്‍, ഒരു കലിപ്പ്ടീം ആരുന്നേല്‍ റോയിച്ചന്‍ എന്നെ വലിച്ചു കീറത്തില്ലായോ?

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പാതലിപാടയിലുള്ള ഡി-മാര്‍ട്ടില്‍ പലചരക്ക് സാധനം വാങ്ങിക്കാന്‍ പോയി.. റോയിച്ചന്‍ മുളക് പൊടീടെ പാക്കറ്റ് നോക്കുവാണ്.. എല്ലാം ഇവിടെ ഉള്ള കൂതറ സാധനങ്ങള്‍... ഈസ്റ്റേണ്‍ ഉം മേളവും ഒന്നും കിട്ടത്തില്ല.. റോയിച്ചനും കിട്ടി ഒരു കൂതറ മുളക് പൊടീടെ പാക്കറ്റ്..

റോയിച്ചന്‍ അവിടെ നിന്ന സെയിലെസ് ഗേള്‍ നോട് " മുച്ചേ യെ പാക്കറ്റ് നഹീ , ചുമ്മാ ചാഹിയെ.. "
പോന്നു മോനേ അവള് കലിപ്പിച്ചൊരു നോട്ടം... ഉരുകിപോകും.. ആ കടാമുട്ടന്‍ ശരീരം കണ്ടിട്ടാവണം അവള് ചെകിടത്തിനിട്ടു പോട്ടിക്കാഞ്ഞത്..

ഞാന്‍ റോയിച്ചനേം കൊണ്ട് സ്കൂട്ട് ആയി.. മനുക്കുട്ടന്‍ അവരെ പറഞ്ഞു മനസിലാക്കി.. ഹിന്ദി അറിയാന്‍ മേലാത്ത പയ്യന്‍ ആണ് ഹേ.. അബദ്ധം പറ്റിയതാണ് ഹേ.. മാപ്പാക്കണം ഹേ.. ഹോ.. ഹൂം എന്നൊക്കെ.. അല്ലാരുന്നേല്‍ കാണാരുന്നു...
അതില്‍ പിന്നെ റോയിച്ചന്‍ മുറ്റാകാനോ.. ഞങ്ങള് റോയിച്ചനെ മുറ്റാക്കാനോ ശ്രമിച്ചിട്ടില്ല..
പോട്ടിര് കിട്ടാതെ ഊരി പോന്നത് തന്നെ ഭാഗ്യം...

അമേരിക്കന്‍ ചോപ്സി...

അമേരിക്കന്‍ ചോപ്സി...
മൊബൈല്‍ഫോണ്‍ കേടായി.. സ്പീക്കര്‍ രണ്ടും അടിച്ചു പോയി... ആകെ ഡെസ്പ്.. അടുത്തുള്ള നോക്കിയയുടെ സര്‍വീസ് സെന്‍റര്‍ ഇല്‍ കൊണ്ട് ചെന്നപ്പോള്‍ പറഞ്ഞു, നന്നാക്കാന്‍ രണ്ടാഴ്ച സമയം പിടിക്കും.. അല്ലേല്‍ വിലെ പരലില്‍ ഉള്ള ഹെഡ് ഓഫിസ്‌ല് കൊണ്ട് ചെല്ലണം...
എനിക്കാണെങ്കില്‍ ആ ആഴ്ച നാട്ടില്‍ പോകാനുള്ളതാണ്.. കയ്യില്‍ വേറെ ഫോണ്‍ ഇല്ല.. പെട്ടന്ന് തന്നെ നന്നാക്കി കിട്ടണം.. ഞാന്‍ ദയനീയമായി റോയിച്ചനെ നോക്കി..
റോയിച്ചന്‍ പറഞ്ഞു " ഡാ നമുക്ക് വിലെ പരലിലൊട്ടു പോയേക്കാം.. അവിടമൊക്കെ ഒന്ന് കണ്ടിരിക്കുവേം ആകാമല്ലോ.."
ലോക്കല്‍ ട്രെയിനില്‍ വളരെ കഷ്ടപ്പെട്ട് കയറിപ്പറ്റി... ആ ഒടുക്കത്തെ തിരക്കിനിടയില്‍ അന്തരീക്ഷത്തില്‍ ഒരല്പം ഇടം കിട്ടി... ഒരു വിധത്തില്‍ ദാദര്‍ എത്തി... ആകെ പത്തു മുപ്പതു സെക്കന്റ്‌ ആണ് സമയം ഉള്ളത്‌.. അതിനിടയില്‍ ഇറങ്ങാനുള്ളവരെല്ലാം ഇറങ്ങുകയും കയറാനുള്ളവരെല്ലാം കയറുകയും വേണം.. ഒരു തരത്തില്‍ ഡെമോ ഒക്കെ കാണിച്ചു ഇറങ്ങി.. പിന്നെ ഒരു ഫീയറ്റ്‌ ടാക്സി ഒക്കെ പിടിച്ചു നേരെ വിലെ പരലിലെയ്ക്ക് വെച്ച് പിടിച്ചു.. പണ്ട് നമ്മുടെ നാട്ടിലൊക്കെ ഉണ്ടാരുന്ന പ്രീമിയര്‍ പദ്മിനി ഇല്ലേ.. അത് തന്നെ സാധനം.. അങ്ങനെ ഒടുവില്‍ ലക്‍ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു..

അവിടെ ചെന്നപ്പോള്‍ വീണ്ടും ഡെസ്പ്.. അവിടെയും എടുക്കും മിനിമം ഒരാഴ്ച എങ്കിലും.. ആകെ കലിപ്പ്‌.. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല.. വയറ്റില്‍ കാറ്റ് കയറാന്‍ തുടങ്ങിയിട്ട് കുറച്ചു നേരം ആയി.. ഫോണോ നന്നാക്കാന്‍ പറ്റിയില്ല.. പട്ടിണി കൂടി കിടക്കണ്ടല്ലോ എന്ന് വെച്ചു ഡൊമിനൊസ്, പിസ ഹട്ട് തുടങ്ങിയവയുടെ മുന്നില്‍ കൂടെ കറങ്ങി, കണ്ടാല്‍ മോശം പറയാത്ത ഒരു ലോക്കല്‍ സെറ്റപ്പ് ല് ചെന്ന് കയറി..
മെനു നൊക്കീട്ടു ഒന്നും മനസിലാവുന്നില്ല...നമ്മുടെ നാട്ടില്‍ തിന്നാന്‍ കിട്ടുന്നതായിട്ടോന്നും ഇല്ല.. ഒടുവില്‍അവസാനം രണ്ടും കല്‍പ്പിച്ചു അവന്മാരുടെ ഒരു ബിരിയാണി പറഞ്ഞു.. ഡെക്കാന്‍ സ്റ്റൈല്‍..
ഞാന്‍ നോക്കിയപ്പോള്‍ റോയിച്ചന്‍ ഒരു അന്തവും കുന്തവും ഇല്ലാതെ മേനുവിലെയ്ക്ക് കണ്ണുംനട്ട് ഇരിപ്പാണ്..
ആദ്യമായി കാണുന്ന പേരുകളെല്ലാം ആശാന്‍ മനസ്സിരുത്തി വായിക്കുന്നു.. ഒടുവില്‍ വളരെ അധികം ആശങ്കകളോടെ ഒരു ഐറ്റം തിരഞ്ഞു പിടിച്ചു.. അമേരിക്കന്‍ ചോപ്സി നൂടില്‍സ്.. ഞാന്‍ കേട്ടിട്ട് പോലും ഇല്ല.. ഞാന്‍ ചോദിച്ചു " ഇത് തന്നെ വേണോ റോയിച്ചാ? " ...
" വേണം" ഉടന്‍ മറുപടി വന്നു...
ഞാന്‍ :" ഈ സാധനം എങ്ങനെ ഇരിക്കും?"
റോയിച്ചന്‍ : " അറിയില്ല.. എങ്കിലും പേര് കേട്ടിട്ട് കിടിലന്‍ ആണെന്നാ തോന്നുന്നത്.. ഇങ്ങനെ അല്ലെ പരീക്ഷിച്ചു നോക്കുന്നെ.."
ഞാന്‍ ഒന്നും മിണ്ടിയില്ല. ലപ്പോ ലതാണ് കാരണം.. പേരില്‍ ഒരു അമേരിക്ക ഉണ്ട്.. ( ലെവന്‍ പണ്ടേ ഒരു ഫെഡറല്‍ ചായ്‌വ് ഉള്ള ഒരു ബൂര്‍ഷ്വാസി ആണ്.. അവന്‍റെ വീട്ടുകാര്‍ എല്ലാരും അമേരിക്കയില്‍ സ്ഥിരതാമസം ആണ്)
ഒടുവില്‍ കാത്തിരുന്നു കാത്തിരുന്നു ആ മഹത്തായ സാധനം എത്തി..
പത്തല് പോലത്തെ നൂഡില്‍സ്... ശരിക്കും വെന്തിട്ട് പോലും ഇല്ല.. അതിന്റെ മണ്ടയ്ക്ക് എന്തെരെല്ലാമോ സാധനങ്ങള്‍ കോരി ഒഴിച്ചിരിക്കുന്നു.. അതില്‍ ഒന്ന് സോസ് ആണെന്ന് മനസ്സിലായി.. പിന്നെ കുറെ പഴങ്ങളുടെ കഷ്ണങ്ങളും.. അന്നേരം റോയിച്ചന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.. ആ തിരുമുഖത് നവരസങ്ങളും വിരിഞ്ഞു.. ഞാന്‍ ഒരു ശകലം രുചിച്ചു നോക്കി..
ത്ഫൂ ....
വായില്‍ വെക്കാന്‍ കൊള്ളില്ല..
ഒടുവില്‍ ഞാന്‍ മേടിച്ച ബിരിയാണിയുടെ പകുതി ആ പാവത്തിന് കൊടുത്തു..
ഉള്ളത് കൊണ്ട് വിശപ്പടക്കി ഞങ്ങള്‍ സ്ഥലം കാലിയാക്കി...

വാല്‍കഷണം: ഞാന്‍ കേടായ മൊബൈല്‍ ഫോണും കൊണ്ട് നാട്ടില്‍ പോയി മടങ്ങി..
തിരിച്ചു വന്നപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്തുള്ള ഒരു മൊബൈല്‍ കടയില്‍ നന്നാക്കാന്‍ കൊടുത്തു.. ഒരു ദിവസം കൊണ്ട് നന്നാക്കി കിട്ടുകയും ചെയ്തു..